Skip to main content
കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതിയുടെ പഠന റിപ്പോര്‍ട്ടും ശുപാര്‍ശയും ധന വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പ്രകാശനം ചെയ്യുന്നു

വരുമാനം വര്‍ദ്ധിപ്പിക്കുകഃ കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതി ലക്ഷ്യം

 

    കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതിയുടെ പഠന റിപ്പോര്‍ട്ടും ശുപാര്‍ശയും ധന വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പ്രകാശനം ചെയ്തു. മീനങ്ങാടി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു.
    മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിച്ചും പരമ്പരാഗത സമ്മിശ്ര കൃഷി ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിച്ചും ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ജൈവരീതിയില്‍ മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിച്ച് ഉന്നത ഗുണ നിലവാരമുള്ള കാപ്പി ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഇന്നത്തെനിലയില്‍ വ്യത്യസ്തമായി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയില്‍ നിന്നുള്ള ഉല്‍പ്പന്നമെന്ന നിലയില്‍ വയനാടിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കയ്യടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. മീനങ്ങാടി പഞ്ചായത്തില്‍ ആരംഭിക്കുന്ന പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കാന്‍ കഴിയുംവിധം കുറ്റമറ്റ വിധത്തില്‍ ആസൂത്രണം ചെയ്യുന്നതിന് വിവരം ശേഖരണം പൂര്‍ത്തിയാക്കിയ തണല്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.
    ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് വനസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കാര്‍ബണ്‍ തുലിത കൈവരിക്കുന്നതിനും സഹായകരമാകും. മലവേപ്പ്, വെള്ളപ്പൈന്‍, പ്ലാവ്, മാവ്, വീട്ടി എന്നിങ്ങനെ വിവിധ ഇനം മരം കൃഷി ഭൂമിയില്‍ നട്ട് പിടിപ്പിക്കുന്നതോടെ ഒരു സമാശ്വാസ തുക കര്‍ഷകന് പ്രോത്സാഹനമായി ലഭിക്കും. കുടാതെ അടിയന്തിര ഘട്ടത്തില്‍ മരം പണയം വെച്ച് ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. കാര്‍ഷിക വായ്പാ പലിശ നിരക്കില്‍ പണം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റേയും നബാര്‍ഡിന്റേയും അനുമതിയ്ക്ക് അപേക്ഷ നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ പറഞ്ഞു.
    പ്രളയാനന്തര മീനങ്ങാടിയില്‍ സാമൂഹ്യ സാമ്പത്തിക പഠനം നടത്തും. ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കും. ജൈവവൈവിധ്യ രജിസ്റ്റര്‍ നവീകരിക്കും. വാട്ടര്‍ഷെഡ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കാര്‍ബണ്‍ സന്തുലിത കൃഷി രീതി അവലംബിക്കും. ഊര്‍ജ്ജക്ഷമമായ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനം, ബയോഗ്യാസ് പ്ലാന്റ്, ചൂടാറാപെട്ടികള്‍, സോളാല്‍ എനര്‍ജി പാര്‍ക്ക്, തെരുവു വിളക്കുകള്‍ എല്‍.ഇ.ഡി യാക്കി മാറ്റുക എന്നിങ്ങനെയുള്ള പ്രകൃതി സൗഹൃദ പദ്ധതികളായിരിക്കും പഞ്ചായത്ത് മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ മീനങ്ങാടി പഞ്ചായത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് സമസ്ത മേഖലയിലും പ്രകൃതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി ജില്ലയ്ക്ക് മുഴുവന്‍ മാതൃകയാക്കാവുന്ന വിധത്തില്‍ പൂര്‍ത്തിയാക്കുമെന്നും മീനങ്ങാടിക്ക് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് ക്ലൈമറ്റ് എമര്‍ജന്‍സി റസ്പണ്‍സ് യൂണിറ്റ് രൂപീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. എം.എസ്.സ്വാമിനാധന്‍ ഫൗണ്ടേഷന്‍ സീനിയര്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി (പ്ലാന്‍ ആന്റ് ആക്റ്റിവിറ്റി), എന്‍വയോണ്‍സ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. അജിത്ത് മത്തായി (സില്‍വി കള്‍ചര്‍), കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടിയെക്കുറിച്ച് തണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജുവും വിശദീകരിച്ചു. മീനങ്ങാടി ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വി.സുരേഷ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. ഷജ്‌ന തുടങ്ങിയവര്‍ പ്രസംഗിച്ചു.
 

date