മുഖം മിനുക്കി സുന്ദരിയാകാന്‍ പത്തനംതിട്ട
നഗര സൗന്ദര്യം വീണ്ടെടുക്കാന്‍ നഗരസഭ നടപ്പാക്കിയ എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതി ജില്ലയില്‍ വീണ്ടും ചുവടുറപ്പിക്കുന്നു. നഗരത്തിലെ റിങ് റോഡ് വശങ്ങള്‍ ഉള്‍പ്പടെ ആറ് കിലോമീറ്റര്‍ ദൂരത്താണ് ചെടികള്‍ വച്ചുപിടിച്ച് വര്‍ണ്ണാഭമാക്കാന്‍ നഗരസഭ രംഗത്ത് വന്നിരിക്കുന്നത്. നഗരസൗന്ദര്യവത്കരണം കൂടാതെ നഗരപ്രദേശങ്ങളിലെ മാലിന്യത്തെ ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുന്‍പ് ഈ പദ്ധതി പ്രകാരം ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നുവെങ്കിലും പൂന്തോട്ടം വേനല്‍ക്കാലത്ത് വാടി കരിയുകയും പല ഭാഗത്തെയും ചെടികള്‍ കാടുകയറിയും നശിച്ചുപോവുകയുണ്ടായി. യഥാ സമയം പരിപാലനം നടത്താത്തതു മൂലമാണ് നഗരത്തിന് വസന്തം വഴി മാറിയത്. കൂടാതെ കന്നുകാലികള്‍ ചെടികള്‍ നശിപ്പിക്കുകയുമുണ്ടായി. റിങ് റോഡിന് ചുറ്റും പുതിയ തൈകള്‍ നട്ടുപിടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചതായി നഗരസഭ അദ്ധ്യക്ഷ ഗീത സുരേഷ് പറഞ്ഞു. കന്നുകാലികള്‍ ഭക്ഷിക്കാത്ത മഞ്ഞ കോളാമ്പി ചെടികളാണ് വച്ചു പിടിപ്പിക്കുന്നത്. ശുചീകരണ തൊഴിലാളികളാണ് നിലവില്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്ന ജോലി പൂര്‍ത്തീകരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ ഷിപ്പോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഏരിയ തിരിച്ചു കൊണ്ട് പ്രദേശവാസികള്‍ക്കും, കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും ഈ പദ്ധതിയില്‍ പങ്കാളികളാകാം. ചെടികള്‍ നടുന്നതിനായി എല്ലാവര്‍ക്കും നഗരസഭയുമായി ബന്ധപ്പെടാമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു. റോഡിന് ഇരുവശത്തെ കാടുവെട്ടിത്തെളിക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. കൂടാതെ റിംഗ് റോഡില്‍ നില്‍ക്കുന്ന മരങ്ങള്‍ക്ക് ചുറ്റും ചെറിയ തറകള്‍ കെട്ടി സംരക്ഷിക്കുവാനും പദ്ധതിയുണ്ട്. (പിഎന്‍പി 3460/18)
- Log in to post comments