മുല്ലേലി തോടിനു ഇനി കയര്‍ ഭൂവസ്ത്ര സംരക്ഷണം
മുല്ലേലി തോടിനു കയര്‍ ഭൂവസ്ത്ര സംരക്ഷണം. തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിലാണ് മുല്ലേലി തോട് സംരക്ഷണം ആരംഭിച്ചത്. കയറു കൊണ്ട് നിര്‍മിച്ച പായപോലെ ഉള്ള ഉല്പനമാണ് കയര്‍ ഭൂവസ്ത്രം. ഇവ പരിസ്ഥിതി സൗഹൃദമാണ്.. കയര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള നെയ്തു ശാലകളില്‍ നിന്നാണ് ഇത് എത്തിക്കുന്നത്. ഹരിത കേരളം മിഷന്റെ സംസ്ഥാനത്തെ തോടുകള്‍ മലിനമാക്കാതെ സംരക്ഷിക്കുക എന്ന നിര്‍ദേശം ഉള്‍ക്കൊണ്ടാണ് നഗരസഭ തോട് സംരക്ഷണം ആരംഭിച്ചത്. കയര്‍ ഭൂവസ്ത്രം വിരിച്ചു നടപ്പാതയും തണല്‍മരങ്ങളും ഒരുക്കിയാണ് സംരക്ഷണം നല്‍കുന്നത്. കയര്‍ ഭൂവസ്ത്രം വിരിക്കുന്നതോടെ വീണ്ടും മണ്ണിടിഞ്ഞു തോടിന്റെ വീതി കുറയില്ല. തോടിന്റെ വശങ്ങള്‍ മണ്ണുവെച്ച് ബലപെടുത്തിയ ശേഷം കയര്‍ ഭൂവസ്ത്രം വിരിച്ച് ചെളിയോ മണ്ണോ ഉപയോഗിച്ച് മെഴുകും. ഇതില്‍ ചെടികള്‍ വെച്ച് പിടിപ്പിക്കാം. ഇത് തൊടിന്റെ വീതിയും നീളവും നിലനിര്‍ത്തും. കുട്ടികളുടെ പാര്‍ക്ക് മുതല്‍ ബൈപാസ് ആരംഭിക്കുന്ന സ്ഥലം വരെ തോടിന്റെ ഇരുകരകളിലായി ഒരു കിലോമീറ്റര്‍ ദൂരമാണ് കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. തോട് വൃത്തിയായി സംരക്ഷിക്കുക, തോടിന്റെ ഇരുവശങ്ങള്‍ ബാലപ്പെടുത്തുക, തണല്‍മരങ്ങള്‍ ചെടികള്‍ എന്നിവ വെച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 5,83,710 രൂപയാണ് ഇതിനായി നഗരസഭ വകയിരിത്തിയിരിക്കുന്നത്.ഇത് കൂടാതെ കയര്‍ മേഖലകളിലുള്ളവര്‍ക്ക് വരുമാന മാര്‍ഗവും ഇതിലൂടെ സാധ്യമാകും.
(പിഎന്‍പി 3462/18)
- Log in to post comments