Skip to main content

*ജില്ലയില്‍ തുടര്‍ വിദ്യാഭ്യാസ സാധ്യതകള്‍ ഉറപ്പാക്കണം*

 

ജില്ലയിലെ 90 ശതമാനം ജനങ്ങളും സാക്ഷരരാണെന്നും ഗോത്ര ജനസംഖ്യ കൂടുതലുള്ളതിനാല്‍ തുടര്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. സംസ്ഥാന സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ആറാം ദിവസം ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  തുടര്‍വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന ജനകീയ പദ്ധതിയാണ് സംസ്ഥാനത്ത് സാക്ഷരത മിഷന്‍ നടപ്പാക്കുന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. നവകേരളവും സാക്ഷരതയും എന്ന വിഷയത്തില്‍ എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ ഡോ. ടി വി വിനീഷും തുടര്‍വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകള്‍ എന്ന വിഷയത്തില്‍ ശാസ്ത്ര ഡയറക്ടര്‍ ഡോ വി ആര്‍ വി ഏഴോമും വിഷയാവതാരണം നടത്തി. സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍ സെമിനാര്‍ മോഡറേറ്ററായി. ജനതയുടെ ശാക്തീകരണവും സര്‍വതോന്മുഖവുമായ പുരോഗതിയുമാണ് സാക്ഷരത തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം.  സാമ്പത്തിക-ഡിജിറ്റല്‍-നിയമ സാക്ഷരത, ആരോഗ്യ സുസ്ഥിതിയും ശിശു പരിചരണവും സമ്പൂര്‍ണ സാക്ഷരതയുടെ ഭാഗമാണ്. ന്യൂ ഇന്ത്യ സാക്ഷരത പരിപാടിയെന്ന പേരില്‍  കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സാക്ഷരത പരിപാടിയിലൂടെ അടിസ്ഥാന സാക്ഷരതയ്ക്ക് പുറമെ  ജീവിതനൈപുണി, തൊഴില്‍വികസനം, തുടര്‍വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സാക്ഷരതയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍, സാക്ഷരത പ്രവര്‍ത്തനങ്ങളിലെ പുതിയകാലത്തെ മാറ്റങ്ങള്‍, തുടര്‍വിദ്യാഭ്യാസം എന്നിവയില്‍ സെമിനാര്‍ അവബോധം നല്‍കി. ജില്ലയില്‍ ഗോത്ര ജനസംഖ്യ കൂടുതലുള്ളതിനാല്‍ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തന പരിപാടികള്‍ അതീവ പ്രാധാന്യത്തോടെ ഊര്‍ജിതപ്പെടുത്താന്‍  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൗരവമായ ഇടപെടല്‍ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ച് സംസാരിച്ചു. കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം ഇന്ദിര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ സുമ, സാക്ഷരത മിഷന്‍ ഓഫീസ് സ്റ്റാഫ് പി വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

date