എന്റെ കേരളം പ്രദർശന വിപണനമേള: കാഴ്ച്ചപരിമിതരുടെ ലോകം അനുഭവിച്ചറിയാൻ ഡാർക്ക് റൂമൊരുക്കി സാമൂഹ്യനീതി വകുപ്പ്
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്, അതുപോലെതന്നെയാണ് കാഴ്ച പരിമിതരുടെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളും. ദിവസവും അവർ നേരിടുന്ന പ്രതിസന്ധികൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസിലാകണമെന്നില്ല. എന്നാൽ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ വന്നാൽ കാഴ്ചയില്ലാത്തവരുടെ ലോകം അനുഭവിച്ചറിയാം.
സംസ്ഥാനസർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന
എന്റെ കേരളം പ്രദർശന വിപണന
മേളയിലാണ് ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ 'അകക്കാഴ്ച' എന്ന പേരിൽ കാഴ്ച പരിമിതർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ടനുഭവിക്കാൻ 'അകക്കാഴ്ച' എന്ന പേരിൽ ഡാർക്ക് റൂം ഒരുക്കിയത്.
റെയിൽവേ പാളം, പാലം, റോഡ്, കുളം, കാട് എന്നിങ്ങനെ നിരവധി തടസ്സങ്ങൾ ഡാര്‍ക്ക് റൂമിനുള്ളിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇവിടേക്ക് ആളുകളെ കണ്ണുകെട്ടി കടത്തിവിടും. ഇതിലൂടെ കാഴ്ച പരിമിതർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സന്ദർശകർക്ക് മനസ്സിലാക്കാൻ സാധിക്കും. പൊതുവിടത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഇതിലൂടെ ഒരേ സമയം കൗതകവും അവബോധവും പകർന്നുനൽകാനാകും.
കാഴ്ചപരിമിതര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിക്കാനും പ്രതിബന്ധ വിമുക്തമായ പരിസരങ്ങളുടെ ആവശ്യകത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും 'അകക്കാഴ്ച' അവബോധ പരിപാടി സഹായിക്കുമെന്ന് ഡാർക്ക് റൂം സന്ദർശിച്ച ശേഷം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
കാഴ്ചപരിമിതരുടെ ലോകം മറ്റുള്ളവര്‍ക്കും അനുഭവവേദ്യമാക്കുന്ന വ്യത്യസ്തമായ പരിപാടി പെരിന്തൽമണ്ണയിലുള്ള അബേറ്റ് ഗ്രുപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളുടെ സാങ്കേതിക സഹായത്തോടെ ഐ.എച്ച്.ആർ.ഡി കാർത്തികപ്പള്ളിയുമായി സഹകരിച്ചാണ് ജില്ലാ സാമൂഹ്യനീതി വകുപ്പ് സജ്ജീകരിച്ചത്.
(പി ആർ/ എ എൽ പി/1256)
- Log in to post comments