ആരും കളിച്ചുപോവും ഈ സ്റ്റാളിലെത്തിയാൽ; പൊളിയാണ് ഈ ലഹരി
കളിയുടെ രസം പിടിച്ചാൽ ഏത് രാസലഹരിയും ക്ലീൻ ബോൾഡാവുമെന്ന് തെളിയിക്കുകയാണ് 'എൻ്റെ കേരളം' പ്രദർശന വിപണന മേളയിൽ കായിക വകുപ്പ് ഒരുക്കിയ സ്റ്റാളിലെ ജനത്തിരക്ക്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന പ്രദർശനമേളയിലെ കായിക വകുപ്പിൻ്റെ 'കായിക കേരളം' സ്റ്റാളിൽ പലതരം കളികളുടെ ആവേശം അനുഭവിച്ചറിയാനാണ് അവസരം ഒരുക്കിയിട്ടുള്ളത്.
അമ്പെയ്ത്ത്, ഡാർട്ട് ത്രോ, സ്കിപ്പിംഗ് റോപ്പ്, ഫുട്ബോൾ പെനാലിറ്റി ഷൂട്ടൗട്ട്, ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, ബാലൻസിംഗ് ടെസ്റ്റ്, ഹോക്കി, ഷൂട്ടിംഗ് ടെസ്റ്റ് തുടങ്ങി ആകർഷകമായ നിരവധി കായിക വിനോദങ്ങളാണിവിടെയുള്ളത്. കുട്ടികളും മുതിർന്നവരും വലിയ ആവേശത്തോടെ ഗെയിമുകളിൽ പങ്കെടുക്കുന്നത്. പുഷ് അപ്പ്, സിറ്റ് അപ്പ്, പ്ലാങ്ക് തുടങ്ങിയ വ്യായാമങ്ങൾക്കായി പ്രത്യേകം 'ചലഞ്ച് സോണും' ഒരുക്കിയിട്ടുണ്ട്. ഒരിഞ്ച് വീതിയുള്ള പൈപ്പിലൂടെ കാൽ നിലത്ത് തൊടാതെ അഞ്ചു പ്രാവശ്യം ചുറ്റുന്നവർക്ക് സമ്മാനവും ലഭിക്കും സ്റ്റാളിൽ നിന്ന്. സിന്തറ്റിക് ട്രാക്കും പുൽമൈതാനവുമടക്കം ആധുനിക കായിക പരിശീലന കേന്ദ്രത്തിന്റെ രൂപത്തിലാണ്
സ്റ്റാൾ രൂപകൽപ്പന. കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഇലക്ട്രിക് ബ്ലെസ് കളി, പ്രാഥമിക വർക്ക് ഔട്ടുകൾ, സ്ട്രെച്ചിങ് എന്നിവയുടെ പരിശീലനവും സ്റ്റാളിൽ നിന്നും നൽകുന്നുണ്ട്. ശാരീരികാവസ്ഥയുടെ പ്രാഥമിക പരിശോധനയിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക, കായിക വിനോദത്തിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക എന്നിവയാണ് സ്റ്റാളിൻ്റെ പ്രധാന ലക്ഷ്യം. കായിക വകുപ്പിന്റെ ഉദ്യോഗസ്ഥർ, കായിക പരിശീലകൻ, കായികതാരങ്ങളായ 10 വിദ്യാർഥികൾ തുടങ്ങിയവർ പ്രവർത്തന സമയത്ത്
സന്ദർശകർക്ക് ആവശ്യമായ നിർദ്ദേശങ്ങളുമായി സദാസമയം സ്റ്റാളിലുണ്ട്. വ്യായാമം ദിനചര്യയാക്കുന്നതിനുള്ള വിദഗ്ധ നിർദ്ദേശങ്ങൾ ഏറെ സഹായകരമാണെന്ന് മുതിർന്ന സന്ദർശകർ പറഞ്ഞു.
(പി.ആർ/എഎൽപി/1264)
- Log in to post comments