Skip to main content

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം: ദലീമ ജോജോ എംഎൽഎ

പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ 'സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും പരിഹാര സാധ്യതകളും' എന്ന വിഷയത്തിൽ 
വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. 
വിവാഹിതരായ പെൺമക്കളെ മറ്റൊരു കുടുംബാംഗമായി കണക്കാക്കി  മാതാപിതാക്കൾ അകറ്റി നിർത്തുന്നത്  ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നതിനും ആത്മഹത്യകൾക്കും കാരണമാകും.  പെൺമക്കളെ ഭാരമായി കാണാതെ അവരെ ഹൃദയത്തോട് ചേർത്തു നിർത്തണം. സാഹചര്യങ്ങളോട് പൊരുതാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും അവർക്ക് ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പ്രാപ്തി നൽകിയാൽ 'സ്ത്രീകളിലെ ആത്മഹത്യ' പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു. 

ഡോ. പൂർണിമ വിഷയം അവതരിപ്പിച്ചു. പാനൽ ചർച്ചയിൽ നഗരസഭാംഗം സൗമ്യരാജ്, അഡ്വ. ശ്രീജേഷ്, കേരളകൗമുദി ആലപ്പുഴ ബ്യൂറോ ചീഫ് സിതാര അഭിലാഷ്, എസ് ഉഷ, പി ടി ലിജിമോൾ എന്നിവർ പങ്കെടുത്തു. സ്ത്രീകളിലെ ആത്മഹത്യ പ്രവണതയുടെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യോത്തര സെഷനും സെമിനാറിൽ ഉണ്ടായിരുന്നു. മേളയോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഹോം മായിത്തറയിലെ കുട്ടികളുടെ നൃത്തപരിപാടിയും പട്ടണക്കാട് അങ്കണവാടി അധ്യാപിക ഏലിയാമ്മ ജോണിന്റെ ലഹരിക്കെതിരെ സന്ദേശം പകരുന്ന മാജിക് ഷോയും നടന്നു.
(പിആർ/എഎൽപി/1266)

date