എൻ്റെ കേരളം: കിടുവാണ് കിഫ്‌ബി സ്റ്റാൾ
ആലപ്പുഴയുടെ വികസനങ്ങൾ പെട്ടെന്ന് അറിയണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ആലപ്പുഴ ബീച്ചിലേക്ക് പോന്നോളൂ. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡിനെ (കിഫ്ബി) നേരിട്ടറിയാനെത്തുന്നവർ അനവധി. അംബര ചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെയോ
ഒരു വലിയ വെള്ളച്ചാട്ടത്തിലൂടെയോ കടലിനടിത്തട്ടിൽ ഒരു കൂട്ടം മത്സ്യങ്ങളുടെ ഇടയിലൂടെയോ കടന്നുപോകുന്ന പ്രതീതിയാണ് കിഫ്ബി പവലിയനിൽ ഒരുക്കിയിട്ടുള്ള ത്രീഡി എൽഇഡി വാൾ നൽകുന്നത്. കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിൽ കിഫ്ബിയുടെ പങ്ക് ജനങ്ങളെ നേരിട്ട് പരിചയപ്പെടുത്തുകയാണ് സ്റ്റാളിലൂടെ. 'രജത ജൂബിലിയിൽ കിഫ്‌ബി ഉറപ്പാക്കുന്നു ധനലഭ്യത, ഗുണനിലവാരം, സമയക്രമം' എന്ന ടാഗ് ലൈനോടെയുള്ള വികസനക്കാഴ്ചകളും ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ കിഫ്ബി ഫണ്ട് ഉപയോഗിച്ചുചെയ്ത പദ്ധതികളെപ്പറ്റി വിശദമാക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ഡിസ്‌പ്ലേ കിയോസ്‌ക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടത്തിന്റെ നേർക്കാഴ്ചയാണ് മേളയുടെ ഭാഗമായി കിഫ്ബി തയാറാക്കിയിട്ടുള്ള തീം സ്റ്റാൾ. സന്ദർശകർക്ക് മറ്റാരുടെയും സഹായമില്ലാതെ ബോർഡിൻ്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണമാണുള്ളത്. വിവിധ മണ്ഡലങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിച്ച വിദ്യാലയങ്ങൾ, ജില്ലയുടെ മുഖമുദ്രയായ പാലങ്ങൾ, ഏറ്റവും മികച്ച റോഡുകൾ, അടിമുടി മാറിയ ആശുപത്രികൾ, തീരദേശ ഹൈവേ, ടെട്രാ പോഡുകൾ, പുലിമുട്ടുകൾ തുടങ്ങി ജില്ലയിലെ സമസ്ത മേഖലയിലെയും വികസനങ്ങൾ വളരെ വിശദമായി കണ്ടറിയാം. കിഫ്ബി സഹായത്താൽ ജില്ലയിൽ നടപ്പിലാക്കിയ, നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ വിവരങ്ങൾ നേരിട്ടറിയാനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ജില്ലയുടെ വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് കിഫ്ബിയുടെ പ്രദർശന സ്റ്റാളിലെത്തുന്നവർ കണ്ട് മടങ്ങുന്നത്.
(പി ആർ/ എ എൽ പി/1271 )
- Log in to post comments