നിഴലിൽ ചുവടുവയ്ക്കുന്ന പാവ, എന്റെ കേരളത്തിൽ കാഴ്ചാനുഭവം ഒരുക്കി തോൽപ്പാവക്കൂത്ത്
ദൃശ്യവിസ്മയമൊരുക്കാൻ തോൽപ്പാവക്കൂത്തിനോളം വരില്ല മറ്റൊരു കലാരൂപവും. നിഴലിൽ ചുവടു വെയ്ക്കുന്ന പാവകളുടെ ചലനങ്ങൾ മിന്നി മറയുന്നത് കാഴ്ചക്കാരിൽ രസകരമായ അനുഭവം സമ്മാനിക്കുന്നു. വിവിധ നിറങ്ങളിൽ വ്യത്യസ്തങ്ങളായ ആശയങ്ങൾ നിറച്ച ഈ പാവക്കൂത്ത് നടക്കുന്നത് ആലപ്പുഴ ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ്. കൗതുകവും, അറിവും മനസിൽ നിറയ്ക്കുന്ന ചലനങ്ങളാണ് നിഴലിൽ ആടുന്ന പാവകൾ അവതരിപ്പിക്കുന്നത്.പാവകളുടെ ചലനങ്ങളിലൂടെയാണ് ആശയം മനസിലാക്കേണ്ടത്.വിവിധ തരം പാവകൾ അതിന്റെ വലുപ്പത്തിലും,അവതരണ ശൈലിയിലും വൈവിധ്യം പുലർത്തുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ കലാരൂപത്തിന്റെ കാഴ്ചക്കാരാണ്.ലെതറിൽ,ആക്രലിക് പെയിന്റ് ഉപയോഗിച്ച് നിർമ്മിച്ച ഈ പാവക്കൂത്ത് പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വേദ എസ്, അരുൺ കൃഷ്ണ,വൈഷ്ണവ്. എസ് എന്നിവരാണ് പാവക്കൂത്ത് നിയന്ത്രിക്കുന്നത്.ആരെയും ആകർഷിക്കുന്ന ഈ കലാരൂപം ആസ്വദിക്കാൻ അവസരമൊരുക്കിയത് സാമൂഹ്യ നീതി വകുപ്പാണ്. ഇതിനോടൊപ്പം, കാഴ്ചയില്ലാത്തവർ എങ്ങനെ ലോകം കാണുന്നുവെന്ന് മറ്റുള്ളവർക്ക് അറിവ് നൽകാനായി സാമൂഹ്യ നീതി വകുപ്പിന്റെ അകകാഴ്ച എന്ന പേരിൽ ഒരു ഇരുണ്ട ഗുഹയും സജ്ജമാക്കിയിട്ടുണ്ട്.
- Log in to post comments