Skip to main content

വനവിഭവങ്ങളാൽ ശേഖരിക്കുന്ന റാഗി ലഡു, കൂട്ടുപുഴുക്ക്, എല്ലാവരെയും ആകർഷിച്ച് കുടുംബശ്രീയുടെ വനസുന്ദരിയും

ആലപ്പുഴയുടെ കടൽക്കരയിൽ രുചിപെരുമയുടെ കലവറ തുറന്ന് എന്റെ കേരളം ഭക്ഷ്യമേള 

ആലപ്പുഴയുടെ കടലിൽ മാത്രമല്ല ബീച്ചിൽ എത്തുന്നവരുടെയും വായിലും  കപ്പലോടിക്കുകയാണ് എന്റെ കേരളം പ്രദർശന വിപണമേളയിലെ ഭക്ഷ്യമേള. ആദിവാസികൾ വനത്തിൽ നിന്നും ശേഖരിക്കുന്ന വിഭവങ്ങളാൽ തയാറാക്കുന്ന നറുനീണ്ടി ചായ, റാഗി ലഡു, കൂട്ട് പുഴുക്ക് തുടങ്ങിയവയും ഭക്ഷ്യമേളകളിലെ പ്രധാനിയായ വനസുന്ദരി ചിക്കൻ, ഊര് കാപ്പി എന്നിങ്ങനെയും ആലപ്പുഴക്ക് വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് ഭക്ഷ്യമേള സമ്മാനിക്കുന്നത്. 

വനം വകുപ്പിൻ്റെ ചിന്നാർ വന്യജീവി സങ്കേതത്തിന് കീഴിലുള്ള ഇക്കോ ഡെവലപ്പ്മെൻ്റ് കമ്മറ്റിയുടെ ഭക്ഷ്യ സ്റ്റാളിൽ എത്തിയാൽ കാടിന്റെ തനതു രുചികൾ ആസ്വദിക്കാം. മറയൂരിലെ ആദിവാസി ഊരിൽ നിന്നുള്ള ആറു വനിതകളാണ് കൊതിയൂറുന്ന വനവിഭവങ്ങൾ ഒരുക്കുന്നത്. 
നറുനീണ്ടി ചായ, ബട്ടർ ബീൻസ് ചിക്കൻ, റാഗി ലഡു, കൂട്ട് പുഴുക്ക് തുടങ്ങിയവ വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് സ്റ്റാളിൽ അനുഭവപ്പെടുന്നത്. മികച്ച വരുമാനവും ഇവർക്ക് ഇതിലൂടെ നേടാനാകുന്നു.

കുടുംബശ്രീയുടെ ഭക്ഷ്യസ്റ്റാളിലെ വനസുന്ദരി ചിക്കനും മേളയുടെ പ്രധാന ആകർഷണമാണ്. അട്ടപ്പാടി കാടിറങ്ങിയെത്തിയ 'വനസുന്ദരി'ക്കായി നിരവധി പേരാണ് ഭക്ഷ്യമേളയിൽ എത്തുന്നത്. അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളുടെ 'കാട്ടുചെമ്പകം' ഗ്രൂപ്പാണ് വനസുന്ദരി ചിക്കൻ തയ്യാറാക്കുന്നത്. യാതൊരുവിധത്തിലുള്ള മായവും ചേർക്കാതെ രുചിയേറും ഔഷധക്കൂട്ടുകൾ ചേർത്ത് കല്ലിൽ പൊള്ളിച്ച് ചതച്ചെടുത്ത ചിക്കൻ രുചിയിലും പാചകത്തിലും മറ്റു വിഭവങ്ങളിൽ നിന്ന് വനസുന്ദരിയെ വ്യത്യസ്തമാക്കുന്നു. പേര് പോലെ ഈ ചിക്കൻ വിഭവത്തിന്റെ രുചിയും അതിസുന്ദരമാണെന്നാണ് ഭക്ഷണ പ്രേമികൾ പറയുന്നത്. ദോശയും സലാഡുകളുമാണ് ഇതിൻ്റെ ബെസ്റ്റ് കോമ്പിനേഷൻ  

അട്ടപ്പാടിയുടെ സ്വന്തം 'ഊര്കാപ്പി' മേളയിലെ മറ്റൊരു താരമാണ്. കഫക്കെട്ട്, ജലദോഷം, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് ഔഷധക്കാപ്പി. ശരീരത്തിന് പ്രത്യേകമായ ഒരു ഊർജ്ജമാണ് ഈ കാപ്പി കുടിച്ചാൽ കിട്ടുന്നതെന്നാണ് രുചി അറിഞ്ഞവരുടെ അഭിപ്രായം.

പ്രാദേശിക രുചി വൈവിധ്യങ്ങൾക്ക് പുറമേ ഭക്ഷണ പ്രേമികളുടെ മനസ്സ് കീഴടക്കാനുള്ള നൂറിലധികം വ്യത്യസ്ത വിഭവങ്ങളും പാനീയങ്ങളും മേളയിലുണ്ട്. അതിൽ തനി നാടൻ വിഭവങ്ങളായ കപ്പയും മീൻകറിയും മുതൽ വെറൈറ്റി പിസകൾ,  ബർഗറുകൾ തുടങ്ങിയ ന്യൂജൻ ഭക്ഷണങ്ങൾ വരെയുണ്ട്. ചക്കപ്രേമികൾക്കായി ചക്ക പായസം, ചക്ക ഉണ്ണിയപ്പം, ചക്ക ചില്ലി, ചക്ക കട്ലറ്റ്, ചക്ക ഐസ്ക്രീം തുടങ്ങിയ വെറൈറ്റികളുമുണ്ട്.  

ഒരേ സമയം നൂറ്കണക്കിനാളുകൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ഫുഡ് കോർട്ട് സജ്ജീകരിച്ചിരിക്കുന്നത്. പതിനൊന്ന് സ്റ്റാളുകളിലായി വിവിധ തരം പായസങ്ങൾ, സ്നാക്സുകൾ, ബിരിയാണികൾ, നോൺ വെജ് വിഭവങ്ങൾ എന്നിവയും ലഭ്യമാണ്. ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സ്റ്റാളുകളും ഫുഡ് കോർട്ടിലുണ്ട്. ആദ്യം കൗണ്ടറിൽ ചെന്ന്  ടോക്കൺ എടുത്തതിനുശേഷം സ്റ്റോളുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്ന രീതിയിലാണ് ഫുഡ് കോർട്ട് ക്രമീകരിച്ചിരിക്കുന്നത്.

date