ഏത് ചോദ്യത്തിനും ഉത്തരവുമായി 'റോബോ അധ്യാപിക', ഒപ്പം ഓടിക്കളിക്കാൻ 'റോബോ ഡോഗ്'; സാങ്കേതിക വിദ്യകളറിയാൻ ബീച്ചിലെ പ്രദർശന വിപണനമേള
കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിപ്പിക്കുന്നതാണ് അധ്യാപകരുടെ രീതി, തെറ്റിയാൽ നല്ല ശാസനയും കിട്ടും എന്നാൽ, അധ്യാപികയോട് അങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ പറയിപ്പിക്കാൻ മത്സരിക്കുകയാണ് ആലപ്പുഴ ബീച്ചിലെ എന്റെ കേരളം പ്രദർശന വിപണനമേളയിലെത്തുന്ന കുട്ടികൾ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പവലിയനിലെ 'ഐറിസ്' എന്ന 'റോബോ അധ്യാപികയാണ്' ഇപ്പോൾ മേളയിലെ താരം. സയൻസോ ഗണിതമോ ഇംഗ്ലീഷോ പാഠ്യ വിഷയങ്ങൾ എന്ത് തന്നെ ആയാലും ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ ചുറുചുറുക്കോടെ ഉത്തരം പറയും ഈ അധ്യാപിക. ഒപ്പം 'ബെൻ' എന്ന റോബോ ഡോഗും ഉണ്ട്. ബെന്നിനൊപ്പം ഓടിക്കളിക്കാനും, ഷെയ്ക്ക് ഹാൻഡ് കൊടുക്കാനും, ബെൻ കാണിക്കുന്ന കായിക അഭ്യാസങ്ങൾ കാണാനും വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തുന്നത്. കുട്ടികളോടൊപ്പം ഇങ്ങനെ കളിച്ചു നടക്കുന്നുണ്ടെങ്കിലും പ്രതിരോധ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മനുഷ്യസാധ്യമല്ലാത്ത നിരവധി ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ ശേഷിയുള്ളവയാണ് ഈ റോബോ ഡോഗുകൾ.
ഡ്രോൺ വീഡിയോ ചിത്രീകരണം വെർച്വൽ റിയാലിറ്റി ആയി അനുഭവിച്ചറിയാനുള്ള വി. ആർ സംവിധാനവും, ഫോട്ടോകൾ നൽകിയാൽ അവ അതിവേഗം ഡിജിറ്റൽ ക്യാരിക്കേച്ചറുകൾ ആക്കിയും ജിബ്‌ലി സ്റ്റൈൽ ആക്കിയും നൽകാനുള്ള സംവിധാനങ്ങളും ഈ പവലിയനിൽ ഉണ്ട്. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തി തങ്ങളുടെ വെറൈറ്റി ചിത്രങ്ങൾ സ്വന്തമാക്കിയത് നിരവധി പേരാണ്.
എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് എത്തുന്നവർക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ സാധിക്കുന്ന എക്സ്പീരിയന്‍സ് സെന്‍ററുകളായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പവലിയന്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ത്രിഡി പ്രിന്‍റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് ഇവിടെ നടത്തുന്നത്. 'ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍' എന്ന ആശയത്തിലാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.
ശബ്ദത്തിലൂടെ വീഡിയോ നിര്‍മ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കല്‍, പുതുതലമുറ വാക്കുകളുടെ വിശകലനം, എആര്‍ വിആര്‍ കണ്ണടകള്‍, ഗെയിമുകള്‍, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകളെ പ്രദര്‍ശനത്തില്‍ നേരിട്ടറിയാം.
- Log in to post comments