വീട്ടിലെ തെങ്ങിനെ ഒന്ന് ഡോക്ടറെ കാണിച്ചാലോ...?
നിങ്ങളുടെ വീട്ടുമുറ്റത്തെ തെങ്ങിനും മാവിനും പനിയും തലവേദനയുണ്ടോ...? അതോ ചുമയും ക്ഷീണവുമാണോ? ചോദ്യം കേട്ട് നെറ്റിചുളിക്കണ്ട. മനുഷ്യർക്കും മൃഗങ്ങൾക്കും വരുന്ന പോലെ സസ്യങ്ങൾക്കും അസുഖങ്ങൾ വരാം. ഫലമോ ? മരം തന്നെ ഇല്ലാതാവാം, ഇലകൾ പൊഴിയാം, കായ്ഫലം കുറയാം. എന്താണ് പരിഹാരം. നല്ലൊരു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിച്ച് നൽകിയാൽ മതി.
നിങ്ങളുടെ വീട്ടിലെ വിളകൾക്ക് ഉണ്ടാകുന്ന ഇത്തരം അസുഖങ്ങൾക്ക് കൺസൾട്ട് ചെയ്യാവുന്ന പ്ലാൻ്റ് ഡോക്ടറെ കാണണമെങ്കിൽ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ കൃഷിവകുപ്പിന്റെ സ്റ്റാളുകളിലേക്ക് വരൂ..
വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാൻ്റ് ഡോക്ടറുടെ സേവനവുമാണ് മേളയിലെ മറ്റൊരു ആകർഷണം. കാർഷിക വിളകളിലുണ്ടാകുന്ന രോഗബാധയുടെ സാമ്പിളുകളുമായി ക്ലിനിക്കിലെത്തിയാൽ ചെടികളെ ബാധിച്ചിരിക്കുന്ന രോഗം കണ്ടെത്തി കൃത്യമായ ചികിത്സാ മാർഗ്ഗങ്ങൾ പ്ലാന്റ് ഡോക്ടർ നിർദ്ദേശിക്കും. അതനുസരിച്ചുള്ള നടപടികൾ ചെയ്താൽ വിളകൾ കരുത്തോടെ വളരും. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണുമായി കൃഷിവകുപ്പിന്റെ മൊബൈൽ മണ്ണ് പരിശോധന ലാബ് വാഹനത്തിലേക്കെത്തിയാൽ മണ്ണിന് യോജിക്കുന്ന കൃഷിയും വളങ്ങളും ഉൾപ്പെടെയുള്ള സകല നിർദ്ദേശങ്ങളും മനസ്സിലാക്കി മടങ്ങാം.
കൃഷിയിൽ എങ്ങനെ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താം, വിളകളെ നശിപ്പിക്കാൻ വരുന്ന കീടങ്ങളെ തുരത്തി ഓടിക്കാൻ എന്തു ചെയ്യണം, പുത്തൻ കാർഷിക രീതികൾ പഠിച്ച് എങ്ങനെ മികച്ച കർഷകനാകാം, നല്ല ആരോഗ്യത്തിന് ഉറപ്പായും കഴിക്കേണ്ട ഭക്ഷ്യ ധാന്യങ്ങൾ എന്തെല്ലാം തുടങ്ങി കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട നിരവധി അറിവുകൾ ഒരു കുടക്കീഴിലൊരുക്കിയിരിക്കുകയാണ് കൃഷി വകുപ്പ്.
കാർഷിക മേഖലയിലെ ഡിജിറ്റൽവൽക്കരണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. നെൽചെടികൾ കൊണ്ട് സുന്ദരമായൊരു പാടമൊരുക്കി അതിനുനടുവിൽ വലിയൊരു ഡ്രോണും സ്ഥാപിച്ച് ആരെയും ആകർഷിക്കുന്ന തരത്തിലൊരു ലൈവ് ഡെമോൺസ്ട്രഷനും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ വന്നാൽ കൃഷിയിടത്തിൽ ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ച് മനസിലാക്കുന്നതിനും ഡ്രോൺ പ്രവർത്തനം അടുത്തറിയുന്നതിനും സാധിക്കും. സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡ്രോൺ ഉപയോഗിച്ച് ഒരേക്കർ പാടത്ത് നിമിഷനേരങ്ങൾ കൊണ്ട് വളപ്രയോഗം നടത്താൻ സാധിക്കും.
കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിലാക്കി നിലവിൽ വന്ന 'കതിർ' ആപ്പ് രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്കുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോയുടെ ഉൽപ്പന്നങ്ങൾ, മില്ലറ്റ് ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ നിന്നു വാങ്ങാം. നടീൽ വസ്തുക്കളുടെയും, ഫല, പച്ചക്കറി തൈകളുടെയും, അലങ്കാര ചെടികളുടെയും, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശന, വിപണനമാണ് മറ്റൊരു പ്രധാന ആകർഷണം. സംസ്ഥാന കീട നിരീക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള സ്റ്റാളിൽ കൃഷിക്ക് ഭീഷണിയായ വിവിധ കീടങ്ങളെ നേരിൽകണ്ട് മനസ്സിലാക്കാനുള്ള അവസരവുമുണ്ട്. കീടങ്ങളെ കുപ്പികളിലാക്കിയും ഇൻസെക്റ്റ് ബോക്സിലാക്കിയും കൗതുകമുണർത്തുന്ന രീതിയിലാണിവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.
- Log in to post comments