Skip to main content

കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാം, സ്റ്റാളുകൾ നിങ്ങളെ കാത്തിരിക്കുന്നു

എന്റെ കേരളം പ്രദർശന വിപണമേളയിൽ എത്തുന്നവർക്ക് കാഴ്ചകൾ കാണുക മാത്രമല്ല കൈ നിറയെ സമ്മാനങ്ങളും സ്വന്തമാക്കാം. വിവിധ വകുപ്പുകളുടെ സ്റ്റാളുകളിൽ ആകർഷകമായി സമ്മാനങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 

ജലസേചന വകുപ്പിന്റെ സ്റ്റാളിൽ സെൽഫി എടുക്കൂ ക്യാഷ് പ്രൈസ് നേടൂ എന്ന ബോർഡാണ് സന്ദർശകരെ കാത്തിരിക്കുന്നത്. മുൻവശത്തായി സ്ഥാപിച്ചിട്ടുള്ള കുട്ടനാടിന്റെ മനോഹരമായ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് സെൽഫിയെടുത്ത ശേഷം അതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്അപ്പ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 5000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. 

ജലവിഭവ വകുപ്പ് സ്റ്റാളിൽ എന്റെ കേരളം ലക്കി ഡ്രോ മത്സരമാണ്  ഒരുക്കിയിട്ടുള്ളത്. സ്റ്റാളിൽ നിന്ന് നൽകുന്ന നോട്ടീസ് വായിച്ചാൽ വാട്ടർ അതോറിറ്റിയുടെ പദ്ധതികൾ മനസ്സിലാക്കാം. ഇതുമായി ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരവും പങ്കെടുത്തവരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തി അവിടെ വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണം. ശരിയുത്തരം നൽകിയവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

ഭൂജലവകുപ്പിന്റെ ക്വിസ് മത്സരത്തിൽ  വിജയിക്കുന്നവർക്ക് ബാഗാണ് സമ്മാനം. സ്റ്റാളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് നമ്മുടെ ഫോണിൽ തെളിയുന്ന 10 ചോദ്യങ്ങളിൽ 7 എണ്ണത്തിന്റെ ഉത്തരം ശരിയാക്കിയാൽ സമ്മാനം ലഭിക്കും. ഭൂജല സംരക്ഷണം,  പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട്  സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങളിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്താം.
ഇനി നേരെ ശുചിത്വമിഷൻ സ്റ്റാളിലേക്ക് പോയാലോ, അവിടെയുമുണ്ട് സമ്മാനങ്ങൾ. ശുചിത്വമിഷനുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ സ്റ്റാളിലെ  സ്ക്രീനിൽ തെളിയും. ഏഴ് ഉത്തരങ്ങൾ  ശരിയാക്കിയാൽ സമ്മാനം സ്വന്തമാക്കാം. കുട്ടികൾക്കായുള്ള ക്രയോൺസ്, പെൻസിൽ പൗച്ചുകൾ, സ്കെയിൽ, ഇറേസർ എന്നിവയാണ് സമ്മാനങ്ങൾ. 

എന്റെ കേരളം പ്രദർശന നഗരിയിൽ ആരോഗ്യവകുപ്പ് സ്റ്റാളിൽ 'ആരോഗ്യവഴികൾ' പദപ്രശ്ന മത്സരം നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പദ്ധതികളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് പദപ്രശ്നത്തിലുള്ളത്. സ്റ്റാളിൽ നൽകിയിട്ടുള്ള വിവരങ്ങൾ വായിച്ചാൽ പദപ്രശ്നം പൂരിപ്പിച്ച് സമ്മാനം നേടാം. മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിന് പ്രോത്സാഹനമായി അവർ നിർമ്മിച്ച പേനയാണ് പദപ്രശ്ന മത്സരത്തിന്റെ സമ്മാനം. 

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സ്റ്റാളിൽ എന്റെ കേരളം സമ്മാനക്കൂപ്പൺ മത്സരമാണുള്ളത്. ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നുമില്ലാതെ സ്റ്റാളിലുള്ള കൂപ്പണിൽ പേരും വിലാസവും ഫോൺ നമ്പരും എഴുതി ബോക്സിൽ നിക്ഷേപിക്കാം. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മൂന്നു കുടുംബങ്ങൾക്ക് സൗജന്യ ടൂറിസ്റ്റ് ബോട്ട് യാത്രയാണ് വകുപ്പ് ഒരുക്കുന്നത്.  ലീഗൽ മെട്രോളജി വകുപ്പിന്റെ സ്റ്റാളിൽ തൂക്കം പ്രവചിക്കൂ സമ്മാനം നേടൂ എന്ന ബോർഡ് ആണ് സന്ദർശകരെ കാത്തിരിക്കുന്നത്. സ്റ്റാളിൽ നിന്ന് നൽകുന്ന ചെറുപയറിന്റെ തൂക്കം കൃത്യമായി പ്രവചിച്ചാൽ ഒരു പേന സമ്മാനമായി നേടാം.  

ഇനി ഭാഗ്യ പരീക്ഷണത്തിന് ആണെങ്കിൽ ഭാഗ്യക്കുറി വകുപ്പിന്റെ സ്റ്റാൾ ഉണ്ട്. ഇവിടെ ക്രമീകരിച്ചിരിക്കുന്ന ത്രോയിങ് ബോളിലേക്ക് എറിഞ്ഞാൽ ഉത്തരം പറയുവാനുള്ള ചോദ്യം കിട്ടും. ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട  ഒരു ചോദ്യത്തിന് ശരിയുത്തരം നൽകിയാൽ പേനയാണ് സമ്മാനമായി ലഭിക്കുന്നത്. കൂടാതെ സ്റ്റാളിലെ രജിസ്റ്ററിൽ പേരും ഫോൺ നമ്പറും എഴുതിയാൽ അവസാന ദിവസത്തെ മെഗാ നറുക്കെടുപ്പിൽ ആറുപേരെ തിരഞ്ഞെടുത്ത് ബംമ്പർ സമ്മാനവും നൽകും. 

വനിതാ ശിശു വികസന വകുപ്പ് ലക്കി ഡ്രോ മത്സരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. തന്നിരിക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരവും പങ്കെടുക്കുന്ന ആളുട പേരും ഫോൺ നമ്പരും ഉൾപ്പെടെ എഴുതി ബോക്സിൽ നിക്ഷേപിക്കണം. എല്ലാദിവസവും വൈകുന്നേരമുള്ള നറുക്കെടുപ്പിലൂടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 
മെയ് 12 വരെയാണ് ആലപ്പുഴ ബീച്ചിൽ എൻ്റെ കേരളം പ്രദർശന വിപണനമേള നടക്കുന്നത്.

date