Skip to main content

എന്റെ കേരളം മേളയിൽ ഫ്രീ ആയി ഇൻ്റർനെറ്റും

*കെഫൈ വഴി സൗജന്യ നെറ്റ് ഒരുക്കി ഐടി മിഷൻ

ആലപ്പുഴ ബീച്ചിൽ വന്നാൽ രണ്ടുണ്ട് ഗുണം. പ്രദർശന മേളയും കാണാം ഫ്രീ ആയി ഇൻ്റർനെറ്റും ഉപയോഗിക്കാം. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കെഫൈ വഴി സൗജന്യ ഇൻ്റർനെറ്റ് കണക്ടിവിറ്റി ഒരുക്കിയിരിക്കുകയാണ് ഐടി മിഷൻ. പൊതുവിടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് കെ വൈഫൈ. മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള പ്രധാന പവലിയനിലും വേദിയിലും കെഫൈ വഴി സൗജന്യ ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റാളിന്റെ 100 മീറ്റർ ചുറ്റളവിൽ ഇൻർനെറ്റ് ലഭിക്കും. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരവും മേളയിലെ ഐടി വകുപ്പിൻ്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. മികവിന്റെ 25 വർഷങ്ങൾ എന്ന നേട്ടവുമായാണ് കേരള സ്റ്റേറ്റ് ഐടി മിഷൻ പ്രവർത്തനം.

കെഫൈ എങ്ങനെ കണക്ട് ചെയ്യാം

സൗജന്യമായി 
കെഫൈ ഉപയോഗിക്കാൻ മൊബൈൽ ഫോണിലെ വൈഫൈ ഓപ്പൺ ചെയ്ത ശേഷം കെഫൈ കണക്ട് ചെയ്യണം. ഫോണിലെ ഇന്റർനെറ്റ് ബ്രൗസർ ഓപ്പൺ ചെയ്യുമ്പോൾ തെളിഞ്ഞുവരുന്ന സ്ക്രീനിൽ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പർ സ്ക്രീനിൽ കാണുന്ന ലോഗിൻ പേജിൽ ടൈപ്പ് ചെയ്തുകഴിഞ്ഞാൽ കേരള സർക്കാരിന്റെ സൗജന്യ വൈഫൈ  ഉപയോഗിക്കാം. സേവന ദാതാവായ ബിഎസ്എൻഎല്ലിന്റെ  സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

date