പേവിഷ ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്
കരുമാടി സ്വദേശിയായ 17 വയസുള്ള കുട്ടി പേവിഷ ബാധയേറ്റ് മരിച്ച സാഹചര്യത്തില്‍ പേവിഷ ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് 7ാം തീയതിയാണ് രോഗലക്ഷണങ്ങളോട് കൂടി കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കുട്ടിക്ക് വളര്‍ത്തു പൂച്ചയുമായും നായയുമായും സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഒരു മാസത്തിനുളളില്‍ വീട്ടിലെ വളര്‍ത്തു പൂച്ച ചത്തുപോയിരുന്നു. രണ്ടാഴ്ചയ്ക്ക് മുന്‍പ് കഴുത്തിന്റെ ഭാഗത്ത് നായയുടെ ചെറിയ പോറല്‍ ഏറ്റെങ്കിലും നായക്ക് കുത്തിവെപ്പ് എടുത്തതിനാല്‍ വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ല എന്ന തെറ്റിദ്ധാരണമൂലം വാക്‌സിന്‍ എടുത്തിരുന്നില്ല. മൃഗസ്‌നേഹിയായ കുട്ടിക്ക് നായ, പൂച്ച തുടങ്ങിയ മൃഗങ്ങളോട് അടുത്ത് ഇടപഴകുന്ന ശീലം ഉണ്ടായിരുന്നു
ജാഗ്രത വേണം, പ്രതിരോധവും പ്രധാനം
പേവിഷബാധ അതീവ മാരകമായ രോഗമായതിനാല്‍ രോഗ പ്രതിരോധത്തെ കുറിച്ചും കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബീസ് വാക്‌സിനേഷനെ കുറിച്ചുമുള്ള അറിവ് രോഗപ്രതിരോധത്തില്‍ അത്യന്തം പ്രധാന്യമര്‍ഹിക്കുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. പേവിഷബാധ മാരകമാണ്. നായ്ക്കളാണ് പ്രധാന രോഗവാഹികള്‍. എന്നാല്‍ പൂച്ച, കുറുക്കന്‍, അണ്ണാന്‍, വവ്വാല്‍ തുടങ്ങിയവയും രോഗവാഹകരില്‍ പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന പേവിഷബാധയുടെ വൈറസുകള്‍ മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷുമ്‌ന നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു.
രോഗലക്ഷണങ്ങള്‍
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന, തരിപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. അതിനു ശേഷം വെളിച്ചത്തോടും വായുവിനോടും, വെള്ളത്തിനോടുമുള്ള ഭയം പ്രത്യക്ഷമാകുന്നു. തൊണ്ടയിലെ പേശികള്‍ക്കുണ്ടാകുന്ന അനിയന്ത്രിതമായ സങ്കോചം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ 2 മുതല്‍ 3 മാസം വരെ എടുത്തേക്കാം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെയാകാം.
പ്രഥമശുശ്രൂഷ പ്രധാനം
സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിട്ട് നന്നായി കഴുകുക. മുറിവ് അമര്‍ത്തി കഴുകുകയോ മുറിവ് കെട്ടി വയ്ക്കുകയോ ചെയ്യരുത്. പൈപ്പില്‍ നിന്ന് വെള്ളം തുറന്ന് വിട്ട് ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ഉത്തമം. മുഖത്തോ കഴുത്തിലോ ആണ് കടിയോ, പോറലോ ഉണ്ടായെങ്കില്‍ കൈയ്യില്‍ പിടിച്ച് കഴുകുന്ന പൈപ്പ് ഉപയോഗിച്ച് വെള്ളം ചീറ്റി കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് കഴുകണം. പേവിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 70 ശതമാനം അണുക്കളും ഇല്ലാതാകുന്നു. മുറിവ് അമര്‍ത്തി കഴുകുകയോ മുറിവ് കെട്ടി വയ്ക്കുകയോ ചെയ്യരുത്. കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞള്‍ പോലെയുള്ള മറ്റുപദാര്‍ത്ഥങ്ങള്‍ ഒരു കാരണവശാലും പുരട്ടരുത്. കഴുകി വൃത്തിയാക്കിയ ശേഷം ബീറ്റാഡിന്‍ ലോഷന്‍', അയഡിന്‍ സൊലൂഷന്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികള്‍ ലഭ്യമാണെങ്കില്‍ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
രോഗവാഹകരായ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് രോഗ പ്രതിരോധത്തില്‍ പ്രധാനമാണ്. വളര്‍ത്തു മൃഗങ്ങള്‍ക്ക് 3 മാസം പ്രായമായാല്‍ ആദ്യ കുത്തിവെപ്പ് എടുക്കാം പിന്നീട് ഓരോ വര്‍ഷ ഇടവേളയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാല്‍ കടിയോ മാന്തലോ, പോറലോ ഏറ്റാല്‍ കുത്തിവെപ്പ് എടുക്കേണ്ടത് അനിവാര്യമാണ്.
പേവിഷബാധയ്‌ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐഡിആര്‍വി) ആണ് നല്‍കുന്നത്.0, 3, 7 , 28 ദിവസങ്ങളില്‍ ആണ് ഇത് എടുക്കേണ്ടത്. ഐ.ഡി.ആര്‍.വി. എല്ലാ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.
മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവെപ്പ് നല്‍കാറുണ്ട്. കടിയേറ്റ് എത്രയും വേഗം അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഇമ്മ്യൂണോ ഗ്‌ളോബുലിന്‍ എടുക്കണം. ഇമ്മ്യൂണോ ഗ്‌ളോബുലിന്‍ ഗവ. മെഡിക്കല്‍ കോളേജിലും ജില്ലാ ജനറല്‍ താലൂക്ക് ആശുപത്രികളിലും ലഭ്യമാണ്.
യഥാസമയം കുത്തിവെപ്പ് എടുത്താല്‍ പേവിഷ ബാധ മൂലമുള്ള മരണം തടയാം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍ തന്നെ പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമായും എടുക്കണം. ആദ്യ മൂന്ന് ഡോസുകള്‍ സമ്പര്‍ക്കം ഉണ്ടായി പത്ത് ദിവസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പൂര്‍ണ പ്രതിരോധശേഷി കൈവരികയുള്ളു.
പൂര്‍ണമായ വാക്‌സിന്‍ ഷെഡ്യൂള്‍ എടുത്ത ആളുകള്‍ക്ക് വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി മൂന്ന് മാസത്തിനുളളിലാണ് സമ്പര്‍ക്കം ഉണ്ടാകുന്നതെങ്കില്‍ വാക്‌സിന്‍ വീണ്ടും എടുക്കേണ്ടതില്ല. മൂന്ന് മാസം കഴിഞ്ഞാണ് എങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം. വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് പിന്നീട് ഇമ്മ്യൂണോ ഗ്‌ളോബുലിന്‍ എടുക്കേണ്ട ആവശ്യമില്ല.
ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ അതായത് പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും, വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുന്‍കൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. ആദ്യ പ്രതിരോധ കുത്തിവെപ്പിന് ശേഷം ഏഴാം ദിവസവും ഇരുപത്തിയെട്ടാം ദിവസവും കുത്തിവെപ്പ് എടുക്കേണ്ടതാണ്.
എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്. നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, കൂടിനുള്ളില്‍ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
തെരുവുനായ്ക്കളില്‍ നിന്നു മാത്രമല്ല വളര്‍ത്തുമൃഗങ്ങളില്‍ നിന്നും പേവിഷബാധയുണ്ടാകാം. നായ്ക്കുട്ടികളില്‍ നിന്നും വരെ രോഗബാധയുണ്ടാകാം. ഒരു മാസം പ്രായമായ നായ്ക്കുട്ടിയില്‍ നിന്നും വരെ പേവിഷബാധ ഉണ്ടായി മരണം സംഭവിച്ചിട്ടുണ്ട്.
പൂച്ചകളില്‍ നിന്നും മറ്റും കുട്ടികള്‍ക്ക് മാന്തല്‍ ഏല്‍ക്കാറുണ്ട്. പൂച്ചകളില്‍ നിന്നും മുഖത്തൊക്കെ മാന്തല്‍ ഏല്‍ക്കുന്നത് വളരെ അപകടകരമാണ്. പൂച്ചയുടെ ഒരു പ്രത്യകത അത് വായിലെ ഉമിനീര്‍ ഉപയോഗിച്ച് നക്കിയാണ് ദേഹം വൃത്തിയാക്കുന്നത് എന്നു മാത്രമല്ല അതിനാല്‍ അതിന്റെ കൈകളിലും മറ്റും വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടാവുകയും മാന്തലോ പോറലോ കടിക്കുകയോ വഴി രോഗ ബാധയുണ്ടാവുകയും ചെയ്യാം. അതിനാല്‍ കുട്ടികളെ ഇതിനെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കുകയും രക്ഷിതാക്കളോട് വിവരങ്ങള്‍ ഉടന്‍ പറയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. ഇക്കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണം.
മൃഗങ്ങളെ പരിപാലിച്ച ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതും, മാന്തലോ പോറലോ മുറിവോ ഉണ്ടായാല്‍ ഉടന്‍ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതും, ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കാറ്റഗറി നിര്‍ണ്ണയിച്ച ശേഷം കുത്തിവെയ്പ്പ് എടുക്കുകയും വേണം. കുത്തിവെപ്പ് എടുക്കുമ്പോള്‍ ലഭിക്കുന്ന രേഖകളോ വാക്‌സിന്‍ കാര്‍ഡോ സൂക്ഷിച്ചു വയ്ക്കണം.
നായ, പൂച്ച എന്നീ വളര്‍ത്തു മൃഗങ്ങള്‍ക്ക് പേവിഷബാധക്കെതിരെ വാക്‌സിന്‍ നല്‍കാതിരിക്കുന്നത് പൊതുജനാരോഗ്യനിയമം 2023 പ്രകാരം 2000 രൂപ വരെ പിഴ ഈടാക്കുന്ന കുറ്റകൃത്യമാണെന്നും ഡിഎംഒ അറിയിച്ചു.
- Log in to post comments