വിലക്കുറവില്‍ പഠനോപകരണങ്ങള്‍ വാങ്ങാം, ഒപ്പം മേളയും കാണാം: എന്റെ കേരളത്തിൽ ഹിറ്റായി സ്കൂൾ വിപണി
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വരുന്ന രക്ഷിതാക്കളെല്ലാം ഇപ്പോൾ ഡബിൾ ഹാപ്പിയാണ്. മക്കളോടൊത്ത് കാഴ്ചകളും കാണാം സ്കൂൾ തുറക്കുന്നതിന് മുന്നേയുള്ള ഷോപ്പിംങ്ങും നടത്താം. അതും കയ്യിലൊതുങ്ങുന്ന ബജറ്റിൽ.
സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വമ്പിച്ച ഓഫറുകളും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും വിപണിയിലെത്തിച്ച
കൺസ്യൂമർ ഫെഡ് സ്റ്റാളിൽ രക്ഷിതാക്കളുടെ വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പൊതു വിപണിയിൽ നിന്ന് 10 - 40 ശതമാനം വരെ വിലക്കുറവാണ് ഇവിടെയുള്ളത്. ബുക്ക്, ബാഗ്, പേന, പേപ്പർ, കുടകൾ, സ്കെയിൽ, സ്കൂൾ ബോക്സുകൾ, വാട്ടർ ബോട്ടിൽ, പെൻസിൽ തുടങ്ങി വിദ്യാർഥികൾക്ക് വേണ്ടതെല്ലാം ഒരു കുടകീഴിൽ ലഭ്യമാണെന്നതാണ് സ്റ്റാളിന്റെ പ്രത്യേകത. 160 പേജുള്ള ബുക്കിന് 27.8 രൂപയും 192 പേജുളളതിന് 32.6 രൂപയുമാണ് വില. ബ്രാൻഡഡ് ബാഗ്- 789, കുട- 358 എന്നിങ്ങനെയാണ് വില. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സർക്കാർ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കൺസ്യൂമർ ഫെഡിന്റെ വിപണി രക്ഷകർത്താക്കൾക്ക് സഹായമായി മാറിയിരിക്കുകയാണ്.
സപ്ലൈകോ ഉല്പന്നങ്ങളുടെ സ്റ്റാളിലും വൻവിലക്കുറവാണ്. വിപണിയിൽ 51 രൂപ വിലയുള്ള കോളേജ് നോട്ട്ബുക്ക് 42 രൂപയ്ക്കും, 53 രൂപ വിലയുള്ള പ്രീമിയം നോട്ട്ബുക്ക് 47രൂപയ്ക്കും 31 രൂപ വിലയുള്ള നോട്ട്ബുക്ക് 28 രൂപയ്ക്കും ഇവിടെ ലഭ്യമാണ്. ഒപ്പം മസാലപ്പൊടികള്‍, സോപ്പ്, സോപ്പ് ഉല്പന്നങ്ങള്, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വാങ്ങാം. എല്ലാ സാധനങ്ങൾക്കും വിപണി വിലയിൽ നിന്ന് 15 മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ടുമുണ്ട്.
- Log in to post comments