Skip to main content
.

കാണികളെ ആകര്‍ഷിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റാള്‍

പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന 'എന്റെ കേരളം' മേളയില്‍ കാണികളെ ആകര്‍ഷിച്ച്  ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റാള്‍. അഗ്‌നിബാധ, പ്രകൃതിദുരന്തം, വാഹനാപകടം തുടങ്ങിയവ നേരിടാനും സുരക്ഷാ മുന്‍കരുതലും പ്രഥമ ശുശ്രൂഷയും  അറിയാനും  സ്റ്റാളില്‍ അവസരമുണ്ട്.
സ്റ്റാളിലെ മറ്റൊരാകര്‍ഷണമാണ് ബര്‍മ പാലം. പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍  താല്‍ക്കാലികമായി നിര്‍മിക്കുന്നതാണു ബര്‍മ പാലം. അപകടത്തില്‍ അകപ്പെടുന്ന വാഹനങ്ങള്‍ ഉയര്‍ത്തുന്ന ന്യൂമാറ്റിക് എയര്‍ബാഗ്,  വാഹനം പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കാന്‍ വിവിധതരം കട്ടറുകള്‍,  അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ പരുക്ക് ഗുരുതരമാകാതിരിക്കാന്‍ നല്‍കുന്ന നെക്ക് ബാന്‍ഡ് പോലുള്ള സഹായ ഉപകരണം, വിവിധതരം ഫയര്‍ സ്യൂട്ടുകള്‍, സ്‌കൂബ ഡൈവിംഗ് സ്യൂട്ടും സിലിന്‍ഡറും, വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന അപകട സൂചന അലാറം, കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന ഫയര്‍ സേഫ്റ്റി സിസ്റ്റം, വിവിധതരം അഗ്‌നിശമന യന്ത്രം, ഫയര്‍ ബോള്‍, ഹീറ്റ് സ്‌മോക്ക് ഡിക്ടേറ്ററുകള്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. വിവിധ ഘട്ടത്തില്‍ സേന ഉപയോഗിക്കുന്ന യൂണിഫോം അണിഞ്ഞ രൂപങ്ങളും കൗതുകത്തോടെയാണ് കാണികള്‍ വീക്ഷിക്കുന്നത്.
 

date