ലഹരി വിരുദ്ധ കായിക ക്ഷമത കാമ്പയിൻ്റെ ഭാഗമായി ജില്ലയിൽ മന്ത്രി വി അബ്ദുറഹിമാൻ നയിച്ച വാക്കത്തോണിൽ പങ്കെടുത്തത് ആയിരങ്ങൾ
-ലഹരിയെ തൊഴിച്ചു പുറത്താക്കണം : മന്ത്രി പി പ്രസാദ്
-എം.എൽ.എമാർ, നഗരസഭ ചെയർപേഴ്സൺ, ജില്ല കളക്ടർ , ജില്ല പോലിസ് മേധാവി തുടങ്ങിയവരും അണിനിരന്നു
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ രാസലഹരിക്കെതിരെ കേരളത്തിലെ ജനതയെ ഒരുമിപ്പിച്ചുകൊണ്ട് ഓരോ കേന്ദ്രങ്ങളിലും നടക്കുന്ന പരിപാടി ജില്ലയിൽ ശനിയാഴ്ച നടന്നു. ‘ലഹരി വിരുദ്ധ കായിക ക്ഷമത കാമ്പയിന്റെ ഭാഗമായി മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ രാവിലേ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽ ആയിരങ്ങളാണ് അണിനിരന്നത്. കേരളത്തിൽ വർധിച്ചു വരുന്ന രാസലഹരിക്കെതിരായുള്ള പോരാട്ടമാണ് കേരള സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്, കായിക വകുപ്പ്, പൊലീസ്, എക്സൈസ്, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.
കാസർഗോഡിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ ആയിരക്കണക്കിന് പേരാണ് പങ്കാളികളായതെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ചെറുപ്പക്കാരെ കളിക്കളങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് സന്ദേശ യാത്ര ആഗ്രഹിക്കുന്നത്. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും കായിക പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരും സംസ്ഥാന കായിക വകുപ്പും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലും സംയുക്ത്മായി സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്‌സ്- സെ യെസ് ടു സ്‌പോർട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി ആലപ്പുഴ വൈ.എം. സി. എ യിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യാതിഥിയായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് സംസാരിച്ചു.
സ്പോട്ട്സ് മന്ത്രി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടക്കുന്ന കാമ്പെയിനിൽ ആയിരക്കണക്കിന് യുവതി യുവാക്കളാണ് അണിനിരക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
രാസലഹരിയെ തൊഴിച്ച് കളയേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ മുദ്രാവാക്യം ഉയർത്തുന്ന പരിപാടിക്ക് അനേകായിരങ്ങളുടെ പിന്തുണ ലഭിക്കുന്നത്. ലഹരി എന്ന മാരക വിപത്തിനെ ചെറുക്കാൻ കഴിയുമെന്ന് ഈ പരിപാടിയിലൂടെ നമ്മൾ തെളിയിച്ചു.യുവതീ യുവാക്കളുടെ വൻ പങ്കാളിത്തം ഭാവി കേരളത്തിൻ്റെ പ്രതീക്ഷയാണെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
വൈ.എം.സി. എയിൽ നടന്ന സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു .ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി ജെ ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എം.എൽ.എമാരായ എച്ച് സലാം, തോമാസ് കെ തോമസ്, എം. എസ് അരുൺകുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി. ജില്ല കളക്ടർ അലക്സ് വർഗീസ്,കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് എം ആർ രഞ്ജിത്ത് , ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് വി ജി വിഷ്ണു, മറ്റ് ജനപ്രതിനിധികൾ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആയിരങ്ങൾ പങ്കെടുത്ത് വാക്കത്തോൺ
‘ലഹരി വിരുദ്ധ കായിക ക്ഷമത കാമ്പയിന്റെ ഭാഗമായി മന്ത്രി വി അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ രാവിലേ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച വാക്കത്തോൺ എച്ച് സലാം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വാക്കത്തോൺ വൈ.എം.സി.എയിൽ അവസാനിച്ചു.
എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, തോമാസ് കെ തോമസ്, എം എസ് അരുൺകുമാർ, നഗരസഭ ചെയർപേഴ്സൺ കെ കെ ജെയമ്മ, ജില്ല കളക്ടർ അലക്സ് വർഗീസ്, ജില്ല പോലിസ് മേധാവി എം പി മോഹന ചന്ദ്രൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി ജെ ജോസഫ് തുടങ്ങിയവരും വാക്കത്തോണിന് നേതൃത്വം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ്, എസ് പി സി, റോളര്‍ സ്കേറ്റിങ്, കരാട്ടെ, കളരിപ്പയറ്റ്, കായിക താരങ്ങൾ, ,ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള അസോസിയേഷനിലെ കുട്ടികൾ, പൊതുജനങ്ങൾ തുടങ്ങിയവരും ഇതിൽ പങ്കാളികളായി.
വാക്കത്തോൺ വൈ.എം.സി.എ യിൽ എത്തിയ ശേഷം വിവിധ കായിക ഇനങ്ങളുടെ പ്രദർശനങ്ങളും അഭ്യാസ പ്രകടനങ്ങളും നടന്നു . ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി നൃത്തശിൽപ്പവും അരങ്ങേറി.
രാവിലെ ആറുമണിക്ക് പൂപ്പള്ളിയിൽ ആരംഭിച്ച മിനി മാരത്തോൺ തോമസ് കെ തോമസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. 300 ഓളം പേർ മാരത്തോണിന്റെ ഭാഗമായി. എ .സി റോഡിലെ പൂപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ അവസാനിച്ചു.
- Log in to post comments