Skip to main content

തീരദേശഹൈവേ സ്ഥലമെടുപ്പിൽ മത്സ്യമേഖലയ്ക്ക് പ്രത്യേക പരിഗണന - നിയസഭാസമിതി

 

-വേമ്പനാട് കായൽ പാക്കേജ് നടപ്പാക്കും 

 

-മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിൽകേട്ട് നിയമസഭാസമിതി

 

തീരദേശഹൈവേ സ്ഥലമെടുപ്പിൽ മൽസ്യമേഖലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് പ്രത്യേക പരിഗണന നൽകുമെന്നും 

വേമ്പനാട് കായൽ പാക്കേജ് നടപ്പാക്കുമെന്നും നിയമസഭ സമിതി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു സമിതി ചെയർമാൻ കൂടിയായ പി പി ചിത്തരഞ്ജൻ എം.എൽ.എ. സമിതി അംഗമായ എൻ കെ അക്ബറും കളക്ട്രേറ്റിൽ ചേർന്ന സിറ്റിങ്ങിൽ പങ്കെടുത്തു. വേമ്പനാട് കായൽ പാക്കേജ് നടപ്പാക്കാൻ സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങുകയാണെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് അഭിനന്ദാർഹമായ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടം തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കുന്നത് മത്സ്യത്തൊഴിലാളികളുടെ പ്രായോഗികജ്ഞാനവും കൂടി പ്രയോജനപ്പെടുത്തിയാകുമെന്നും എംഎൽഎ പറഞ്ഞു. 

 

തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ജില്ലയിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ വേഗത്തിൽ പരിഹാരം കാണുന്നതിന് നിയമസഭാസമിതി ഇടപെടൽ നടത്തും. തീരദേശ ഹൈവേ സ്ഥലമെടുപ്പ് എല്ലാവരെയും വിശ്വസത്തിലെടുത്തുകൊണ്ടേ നടത്തൂ. ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കും. ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകൾ, ജനപ്രതിനിധികൾ, സാമുദായിക നേതാക്കൾ എന്നിവരോടൊപ്പം ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. 2024 വരെയുള്ള മൽസ്യത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളെല്ലാം കൊടുത്തുതീർത്തിട്ടുണ്ട്. 

മത്സ്യത്തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യം ന്യായമാണെന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡും നിയമസഭസമിതിയും സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടതിന്റെ ഫലമായി ഉദ്യോഗസ്ഥതലത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. പീലിംഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കൃത്യമായ ഇടപെടൽ സഭാസമിതി നടത്തും. ഇത് സംബന്ധിച്ച് പഠിക്കുന്ന സമിതിയിൽ ബന്ധപ്പെട്ട എല്ലാ സംഘടനകളെയും ഉൾപ്പെടുത്തുമെന്നും സമിതി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലവും തണ്ണീർമുക്കം ബണ്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് സഭാസമിതിയുടെ കാഴ്ച്ചപ്പാടെന്നും എംഎൽഎ പറഞ്ഞു.

ജെ ബി കോശി റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യത്തോട്, റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും എംഎൽഎ പറഞ്ഞു.  

തീരദേശ ഹൈവേ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി ചെറിയ തുകയെ ലഭിക്കൂ എന്ന ആശങ്ക വസ്തുതാപരമല്ലെന്ന് നിയമസഭ സമിതി അംഗവും എംഎൽഎയുമായ എൻ കെ അക്ബർ പറഞ്ഞു. ഏറ്റവും പ്രയാസം അനുഭവിക്കുന്ന വിഭാഗമായ മൽസ്യത്തൊഴിലാളികൾക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പരിഗണന നൽകണം എന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ, മത്സ്യ ലഭ്യതക്കുറവിന് ശാസ്ത്രീയ പരിഹാരം കാണൽ, കായൽ മലിനീകരണം, പോളപ്പായൽ മൂലമുള്ള പ്രശ്‌നങ്ങൾ, ഹൗസ് ബോട്ടുകളുടെ പെരുപ്പം മൂലമുള്ള പ്രശ്‌നങ്ങൾ, വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളക്കെട്ട്, വേമ്പനാട് കായലിന്റെ ആഴം കൂട്ടൽ, പൊന്തുവള്ള നിരോധന നീക്കം, വലിയഴിക്കൽ, തോട്ടപ്പള്ളി ഹാർബറുകളിലേക്ക് മൽസ്യബന്ധനയാനങ്ങൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കൽ, വനാമി ചെമ്മീൻ കൃഷി, കടലവകാശ നിയമം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ മത്സ്യത്തൊഴിലാളികളും വിവിധ സംഘടനാ പ്രതിനിധികളും സമിതിക്ക് മുമ്പാകെ ഉന്നയിച്ചു.

സിറ്റിംഗിൽ അനൂപ് ജേക്കബ് എംഎൽഎ ഓൺലൈനായി പങ്കെടുത്തു. ജില്ലാ കളക്ടർ അലക്‌സ് വർഗീസ്,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, ഫിഷർമെൻ വെൽഫെയർ കമ്മിറ്റി സെക്ഷൻ ഓഫീസർ ജ്യോതിലാൽ, വിവിധ മൽസ്യത്തൊഴിലാളി സംഘടനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് സമിതി അരൂക്കുറ്റി മത്സ്യമാർക്കറ്റ്, പാണാവള്ളി അരയൻകാവ് ജെട്ടി, മുഹമ്മ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

date