നിയമസഭാ സമിതി ഉൾനാടൻ മത്സ്യമേഖലകൾ സന്ദർശിച്ചു
ജില്ലയിലെ മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി
ചെയർമാൻ പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു. ആലപ്പുഴയിലെ സിറ്റിങ്ങിന് ശേഷം
അരൂക്കുറ്റി മത്സ്യ മാർക്കറ്റ് , പാണാവള്ളിയിലെ അരയൻകാവ് ജെട്ടി , മുഹമ്മ ഗ്രാമ പഞ്ചായത്ത് എന്നിവടങ്ങളിലെ ഉൾനാടാൻ മത്സ്യ തൊഴിലാളികളെ നേരിട്ട് കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി അംഗം എൻ.കെ.അക്ബർ എം.എൽ.എയും സന്ദർശനത്തിന് എത്തി.
30 ഓളം പരാതികളാണ് സന്ദർശനവേളയിൽ സമിതിക്ക് മുമ്പാകെ എത്തിയത്.
വേമ്പനാട് കായലിന്റെ പുനരുജ്ജീവനം, കായലിന്റെ മലീനികരണം, പോള പായൽ സൃഷ്ടിക്കുന്ന പ്രതിസന്ധി, വേലിയേറ്റ സമയത്ത് കായലോരത്തെ വീടുകളിൽ വെള്ളം കയറി ഉണ്ടാകുന്ന നാശ നഷ്ടങ്ങൾ, തീര പ്രദേശ സംരക്ഷണം, കായലിന്റെ ആഴം കൂട്ടുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ സമതിക്ക് മുമ്പാകെ വെച്ചത്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട്
കാർഷിക കലണ്ടർ പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിലാക്കാം എന്നതിനെ പറ്റി സമിതി ചർച്ച ചെയ്യുമെന്ന് എം എൽ എ പറഞ്ഞു.
മുഹമ്മ ഗ്രാമപഞ്ചായത്തിലെ കോൺഫറൻസ് ഹാളിൽ സമിതി ഉൾനാടൻ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ബി ഷാനവാസ്,
നിയമസഭാ സമിതി സെക്ഷൻ ഓഫീസർ ജെ ജ്യോതിലാൽ തുടങ്ങിയവരും സമിതിയോടൊപ്പം ഉണ്ടായിരുന്നു. പരാതികൾ ഉണ്ടെങ്കിൽ ചെയർമാൻ, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഓ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കാമെന്ന് സമിതി അറിയിച്ചു.
- Log in to post comments