ഒരു വട്ടം കൂടി...തിരുമുറ്റത്തെത്തുവാന്‍ മോഹം
|
|
|
എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 20, ചൊവ്വ)
രാവിലെ 10.30 - സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ വിജയികളായ സംഘങ്ങള്‍ക്കുളള പുരസ്‌കാര വിതരണം.
വൈകിട്ട് 06.30 മുതല്‍: അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്
ഇന്നത്തെ സിനിമ (മേയ് 20, ചൊവ്വ)
രാവിലെ 10.00- അനുഭവങ്ങള്‍ പാളിച്ചകള്‍
ഉച്ചയ്ക്ക് 01.00- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം
വൈകിട്ട് 04.00 - പ്രാഞ്ചിയേട്ടന്‍
രാത്രി 07.00- കബനി നദി ചുവന്നപ്പോള്‍
(പിഎന്‍പി 1124/25)
'അമ്മ അറിയാതെ'
ശ്രദ്ധേയമായി എക്‌സൈസ് വകുപ്പ് നാടകം
മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന 'എന്റെ കേരളം' മേളയിലാണ് ലഹരിക്കെതിരെ 'അമ്മ അറിയാതെ', 'കൗമാരം' എന്നീ നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരന്‍ ഉണ്ണിയുടെ സംവിധാനത്തിലാണ് 'അമ്മ അറിയാതെ' അണിയിച്ചൊരുക്കിയത്.
നാളെയുടെ പ്രതീക്ഷയാകേണ്ട പുതുതലമുറ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന കഥയാണ് നാടകം പങ്കുവച്ചത്. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ തകര്‍ക്കുന്ന ലഹരിയുടെ വഴിയെ സഞ്ചരിക്കരുതെന്ന സന്ദേശം നാടകത്തിലൂടെ പകര്‍ന്നു. ജീവിതത്തില്‍ ലഹരി വസ്തുവിന്റെ സാന്നിദ്ധ്യം ദുരന്തമാകുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു വേദിയില്‍ അവതരിപ്പിച്ചത്. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ സമകാലീന സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ തുറന്നു കാണിച്ച ബോധവല്‍ക്കരണ നാടകം കാണികളെയും ത്രസിപ്പിച്ചു. കിടങ്ങന്നൂര്‍ എസ് വി ബി എച്ച് എസിലെ വിദ്യാര്‍ഥികളാണ് നാടകത്തില്‍ അഭിനയിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ ആര്‍ അജയകുമാര്‍ നാടകം ഫ്ളാഗ് ഓഫ് ചെയ്തു. കൂടുതല്‍ വേദികളില്‍ കുട്ടികള്‍ക്ക് അഭിനയിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണല്‍ എസ് സനില്‍ പങ്കെടുത്തു.
ലഹരി വര്‍ജന ബോധവല്‍ക്കരണ നാടകമായി 'കൗമാര'വും മേളയില്‍ അരങ്ങേറി. എസ് മധു രചനയും സംവിധാനവും ചെയ്ത കാക്കാരിശ്ശി നാടകം 'കൗമാരം' ലഹരിയുടെ പിടിയില്‍ നിന്നും യുവത്വത്തെയും ഭാവി തലമുറയെയും പൂര്‍ണമായും മോചിപ്പിക്കുന്നതിനുള്ള ബോധവല്‍കരണം നല്‍കി. ചടുലമായ ഗാനവും ഊര്‍ജസ്വലമായ നൃത്തങ്ങളുമായി കാക്കാരിശ്ശി നാടകം കാണികളിലേക്ക് അറിവ് പകര്‍ന്നു. സംഗീതവും നൃത്തവും അഭിനയവുമെല്ലാം കോര്‍ത്തിണക്കിയ 'കൗമാരം' പ്രായഭേദമന്യേ ഏവരെയും ആകര്‍ഷിച്ചു. ചമഞ്ഞൊരുങ്ങിയ കലാകാരന്മാര്‍ കഥാപാത്രങ്ങളായി ജീവിക്കാന്‍ തുടങ്ങിയതോടെ കാണികള്‍ സ്വയം മറന്നു. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി നര്‍മഭാവത്തിലുള്ള അവതരണ ശൈലിയും നിത്യജീവിതത്തിലെ സന്ദര്‍ഭം വിഷയമാക്കിയതും 'കൗമാരം' ജനപ്രീതി നേടി. ഫ്ളാഷ് മോബും വേദിയില്‍ അരങ്ങേറി.
ചിത്രം - എക്‌സൈസ്
'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം
(പിഎന്‍പി 1125/25)
വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം
ഉന്നത വിദ്യാഭ്യാസവും ജോലി സാധ്യതയും സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരമേകി പിന്നോക്ക വിഭാഗ വികസന വകുപ്പും ഹയര്‍ സെക്കന്‍ഡറി ബോര്‍ഡും എച്ച്സിഎല്ലും സംയുക്തമായി കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയുടെ ഭാഗമായാണ് പരിപാടി നടന്നത്. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു .
പ്ലസ്ടു പഠിക്കുന്നവര്‍ക്കും കോഴ്സ് കഴിഞ്ഞവര്‍ക്കുമായി നടത്തിയ സെമിനാറില്‍ കരിയര്‍ ഗൈഡന്‍സ് പരിശീലക വി ടി വിനീത, എച്ച്സിഎല്‍ ക്ലസ്റ്റര്‍ ഹെഡ് നാസിറാ നിജാസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.
പഠനത്തിനുശേഷം തിരഞ്ഞെടുക്കേണ്ട ജോലി സാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ചും ഇ-ഗ്രാന്‍ഡ്, വിദ്യാഭ്യാസ ലോണ്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി. അഭിരുചിക്കും താല്‍പര്യത്തിനും ഇണങ്ങുന്ന തുടര്‍പഠന മേഖല തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഷിബു പറഞ്ഞു.
ചിത്രം :കരിയര്‍
കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഷിബു നിര്‍വഹിക്കുന്നു
(പിഎന്‍പി 1126/25)
സൗജന്യ കുടിവെള്ള പരിശോധന ഒരുക്കി ജല അതോറിറ്റി
കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് സൗജന്യമായി പരിശോധിക്കാന്‍ അവസരം. എന്റെ കേരളം മേളയിലെ ജല അതോറിറ്റി സ്റ്റാളിലാണ് സൗകര്യം. പരിശോധനയ്ക്കായി മിനറല്‍ വാട്ടര്‍ ബോട്ടിലിലോ അണുവിമുക്തമായ കുപ്പിയിലോ രണ്ടു ലിറ്റര്‍ വെള്ളമാണ് എത്തിക്കേണ്ടത്. സൗജന്യമായി 11 ടെസ്റ്റുകള്‍ പരിശോധിക്കും. ഫലം ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് രണ്ടു ദിവസത്തിനുള്ളില്‍ സന്ദേശം ആയി ലഭിക്കും.
നിറം, മണം, രുചി, ചെളി, ജലത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ അറിയുന്നതിന് ടിഡിഎസ്, കാഠിന്യം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, നൈട്രേറ്റ്, ബാക്ടീരീയ പരിശോധനയാണ് നടത്തുന്നത്. ജില്ലയിലെ തിരുവല്ല ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലബോറട്ടറിയിലും പറക്കോട്, ഇലന്തൂര്‍, പുളിക്കീഴ്, റാന്നി, പമ്പ എന്നിവിടങ്ങളിലെ ക്വാളിറ്റി കണ്‍ട്രോള്‍ സബ് ജില്ലാ ലബോറട്ടറികളിലും മെയ് 22 വരെ സൗജന്യമായി പരിശോധന നടത്താന്‍ അവസരമുണ്ട്. ജലശുദ്ധീകരണ പ്ലാന്റിന്റെ മാതൃകയും ശുദ്ധീകരണ പ്രവര്‍ത്തനവും മനസിലാക്കുന്നതിനുള്ള അവസരവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
ചിത്രം - വാട്ടര്‍
എന്റെ കേരളം മേളയിലെ ജല അതോറിറ്റി സ്റ്റാള്‍
(പിഎന്‍പി 1127/25)
സ്വയം പ്രതിരോധത്തിന് അവസരം ഒരുക്കി വനിതാ പൊലിസ്
അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാഠങ്ങള്‍ പകര്‍ന്നു നല്‍കി കേരള പൊലീസ്. എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലാണ് സ്വയം പ്രതിരോധത്തിന് അവബോധം നല്‍കുന്ന പരിശീലന സ്റ്റാള്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മിനിറ്റ് ചെലവഴിച്ചാല്‍ അക്രമകാരിയായ എതിരാളിയെ നേരിടുന്നതിനുള്ള പൊടിക്കൈ സ്വന്തമാക്കാം. പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം, അക്രമിയുടെ ദൗര്‍ബല്യം മനസിലാക്കിയുള്ള രക്ഷപ്പെടല്‍ എന്നീ മാര്‍ഗങ്ങള്‍ അവതരണത്തിലൂടെയും നിര്‍ദേശത്തിലൂടെയും കൈമാറുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു മുറ അഭ്യസിക്കുന്നു.
രണ്ടുഘട്ടമാണ് സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. എതിരെ വരുന്ന അക്രമിയെ ശാരീരികമായി കീഴടക്കാനുള്ള പരിശീലനം, മറ്റൊന്ന് സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനം എന്നിവയിലാണ് ബോധവല്‍ക്കരണം. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിലുണ്ട്.
ചിത്രം : പൊലീസ്
എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലെ സ്വയം പ്രതിരോധത്തിന് അവബോധം നല്‍കുന്ന പരിശീലന സ്റ്റാള്‍
(പിഎന്‍പി 1128/25)
ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം... പഴയകാല പള്ളിക്കൂടത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കാന്‍ അവസരം ഒരുക്കി പത്തനംതിട്ട ഇടത്താവളം. എന്റെ കേരളം പ്രദര്‍ശന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ നിങ്ങളെ ഉറപ്പായും പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോകും.
1956 സ്ഥാപിതം, മഞ്ഞ നിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളാല്‍ എഴുതിയ കമാനത്തില്‍ ഇരുവശങ്ങളിലും പഴയകാല യൂണിഫോം അണിഞ്ഞു നില്‍ക്കുന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ഥിനികളുടെ സെല്‍ഫി പോയിന്റ്. കവാടം കഴിഞ്ഞ് അകത്തേയ്ക്ക് പ്രവേശിച്ചാല്‍ കാത്തിരിക്കുന്നത് അറിവും കളികളും നിറഞ്ഞ ഇടം. കണക്കിനെ വരുത്തിയിലാക്കാനും ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കാനും ചിന്തയെ ഉണര്‍ത്തുവാനും ഒട്ടനവധി ഗെയിമുകളാണ് ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ചരിത്രം ചുമരുകളില്‍ കാണാം. ഒന്നു മുതല്‍ അഞ്ചു കോടി വരെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങളുടെ ചിത്രവും വിദ്യഭ്യാസ മേഖലയുടെ വളര്‍ച്ചയും കാണാം . ഹൈടെക്ക് വിദ്യാലയം, ഡിജിറ്റല്‍ വിദ്യാഭ്യാസം, പാഠപുസ്തകം, കുരുന്നെഴുത്തുകള്‍, ഏകജാലകം, കരിയര്‍ ഗൈഡന്‍സ്, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, വര്‍ണക്കൂടാരം, നോ ടു ഡ്രഗ്സ്, സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ എന്നീ തീമുകളിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.
ചിത്രം : സ്‌കൂള്‍
എന്റെ കേരളം പ്രദര്‍ശന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍
- Log in to post comments