*ജില്ലയെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍*
സസ്യജാലങ്ങള്‍ പരിപോഷിപ്പിച്ച് ജില്ലയെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പത്തോളം ജൈവവൈവിധ്യ പാര്‍ക്കുകളാണ് ജില്ലയില്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ച് സുസ്ഥിരമായി പരിപോഷിപ്പിക്കുക ലക്ഷ്യമാക്കിയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകളെന്ന നൂതന പദ്ധതിക്ക് തുടക്കമിടുന്നത്. നൂല്‍പ്പുഴ(കലൂര്‍ പുഴയോരം), നേന്മേനി (താളൂര്‍ ചിറ), മീനങ്ങാടി (പുറകാടി), പുല്‍പ്പള്ളി (മുണ്ടക്കുറ്റികുന്ന്),തിരുനെല്ലി(തൃശ്ശിലേരി), എടവക(വാളോരി), പൊഴുതന(ആനോത്ത), വെങ്ങപ്പള്ളി(ഓടമ്പംപൊയില്‍), മേപ്പാടി(കാശ്മീര്‍) വൈത്തിരി ടൗണില്‍ തുടങ്ങി പത്തോളം ഗ്രാമപഞ്ചായത്ത് പരിധികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 28 ജൈവവൈവിധ്യ പാര്‍ക്കുകളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള തുടക്കമിടുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പാര്‍ക്കുകളില്‍ സ്വാഭാവിക സസ്യജാലങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷണം ഉറപ്പാക്കുന്നത്. ട്രീ ഗാര്‍ഡനുകള്‍, ജൈവവേലികള്‍, ആവശ്യമായ ജലലഭ്യതയ്ക്ക് പാര്‍ക്കില്‍ കുളങ്ങള്‍ നിര്‍മ്മിക്കും. മരങ്ങള്‍ നട്ടുപിടിപ്പിക്കുകന്നതിലുപരി സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ ജിം, ഇരിപ്പിടങ്ങള്‍ നിര്‍മ്മിച്ച് വിനോദകേന്ദ്രമായി മാറ്റാന്നും പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയ ഒരിടം ഒരുക്കി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രകൃതിയുടെ സുരക്ഷയും നാടിന്റെ വികസനവും ജൈവവൈവിധ്യ പാര്‍ക്കുകളിലൂടെ സാധ്യമാക്കുകയാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ പി.സി മജീദ് പറഞ്ഞു.
- Log in to post comments