ജനറൽ ആശുപത്രിയിൽ മോക്ഡ്രിൽ നടത്തി
അത്യാധുനിക ഫയർ ആൻഡ് റസ്ക്യൂ സംവിധാനങ്ങളുള്ള ആലപ്പുഴ ജനറൽ ആശുപത്രിയിൽ അടിയന്തിരഘട്ടമുണ്ടായാൽ അവ എങ്ങനെ പ്രവർത്തിപ്പിക്കാം എന്നതിനെക്കുറിച്ച് അവബോധം നൽകുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയർ ആൻഡ് റസ്ക്യൂ എന്നിവയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തി. ആശുപത്രി മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായാലുള്ള രക്ഷാപ്രവർത്തനം ചിത്രീകരിച്ചത്. രാവിലെ 10.30ന് തീപിടിത്തം ഉണ്ടായതായി അറിയിച്ചുകൊണ്ട് ആശുപത്രിയിലെ ഫയർ അലാറം മുഴങ്ങി. സൂപ്രണ്ട് ഡോ. ആർ സന്ധ്യ ഫയർ ആൻഡ് റസ്ക്യൂ, ദുരന്തനിവാരണ വിഭാഗം, ആർഎംഒ എന്നിവരെ വിവരമറിയിച്ചു. കൂടാതെ പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിലൂടെ പൊതുജനങ്ങൾക്കും ജീവനക്കാർക്കും
മുന്നറിയിപ്പ് നൽകി. തീപിടിത്തമുണ്ടായ മൂന്നാംനിലയിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തന്നെ തീ അണയ്ക്കുന്നതിനുള്ള ശ്രമം ആദ്യഘട്ടത്തിൽ ആരംഭിച്ചു. തുടർന്ന് മൂന്നാംനിലയിലെ വാർഡുകളിൽനിന്നും രോഗികളെ മാറ്റുന്ന നടപടികൾ സിവിൽ ഡിഫൻസ്, ആശുപത്രി ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. തീപിടിത്തത്തിൽ പൊള്ളലേറ്റ 15ഓളം പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നതായും അടിയന്തിര ചികിത്സ നൽകുന്നതായും ഗുരുതരാവസ്ഥയിലായ ഒരാളെ വണ്ടാനം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതായും ചിത്രീകരിച്ചു. മോക്ഡ്രില്ലിനുശേഷം കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ വാക്കി ടോക്കിയുടെ പ്രവർത്തന ഉദ്ഘാടനം
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി നിർവഹിച്ചു.
സൂപ്രണ്ട് ഡോ. ആർ സന്ധ്യ, ഡോ. കെ വേണുഗോപാൽ, ആർഎംഒ എം ആശ, എആർഎംഒ ഡോ. സെൻ, ദുരന്ത നിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് സി ചിന്ദു, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ സി ആങ്കൽസ്, എ ജെ ബെഞ്ചമിൻ, കൃഷ്ണദാസ്, സി കെ സജേഷ്, കെ എസ് അമൽ, എം കൃഷ്ണകുമാർ, ഡോ. അനുപമ, പിആർഒ ബെന്നി അലോഷ്യസ് തുടങ്ങിയവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.
- Log in to post comments