Skip to main content

ആശങ്കകൾ വഴിമാറി; പ്രവേശനോത്സവത്തിൻ്റെ ആവേശമുണർത്തി സാംസ്ക്കാരിക ഘോഷയാത്ര

 

തിങ്കളാഴ്ച കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി കലവൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കനത്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും ഘോഷയാത്രയുടെ സമയം എത്തിയതോടെ മഴ പൂര്‍ണമായും ഒഴിഞ്ഞുനിന്നത് വിദ്യാര്‍ത്ഥികളിലും സംഘാടകരിലും ആവേശം ഇരട്ടിയാക്കി. സ്‌കൂളിലെ എസ്പിസി വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍,സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്ന ഘോഷയാത്രയില്‍ ഏറ്റവും മുന്നില്‍ വിവിധ വര്‍ണ്ണ കുടകളുമായി കുട്ടികള്‍ നടന്നു നീങ്ങിയത് വര്‍ണ്ണക്കാഴ്ച ഒരുക്കി. സംഘാടകസമിതി ചെയര്‍മാന്‍ പി പി ചിത്തരജ്ഞന്‍ എംഎല്‍എ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

മണ്ണഞ്ചേരി ചിയാംവെളിയില്‍ നിന്നും കലവൂരിലേക്കാണ് സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്. കലാരൂപങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്രയില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കാളികളായി.

തുടര്‍ന്ന് കലവൂര്‍ സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം പി പി ചിത്തരഞ്ജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത് കുമാര്‍, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, ഹെഡ് മിസ്ട്രസ് മേരി ആഗ്നസ്, പ്രിന്‍സിപ്പല്‍ എന്‍ മഞ്ജു, പി എ ജുമൈലത്ത്, തിലകമ്മ വാസുദേവന്‍, കെ പി ഉല്ലാസ്, പിടിഎ പ്രസിഡന്റ് മോഹന്‍ ദാസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(പിആര്‍/എഎല്‍പി/1571)

date