Skip to main content

സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം: ആഘോഷമാക്കി കുരുന്നുകള്‍

കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം ആവേശമാക്കി ജില്ലയിലെ കുരുന്നുകള്‍. പുത്തനുടുപ്പും ബാഗുമായി സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കെത്തിയ കുരുന്നുകളെ മധുരം നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. പല വർണ്ണങ്ങളുള്ള തൊപ്പിയും കിരീടവുമെല്ലാം കുട്ടികൾക്ക് തലയിൽ ചൂടുന്നതിനായി ഒരുക്കിയിരുന്നു. നവാഗതരായ കുട്ടികളെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. സദസ്സിലേക്ക് കുട്ടികളെ ആനയിക്കുന്നതിന് കൃത്യമായ നിർദ്ദേശങ്ങളുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു. 

കൃത്യം 9.30 ന് തന്നെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളിലേക്കെത്തി. ബാൻഡ് സെറ്റുകളുടെയും എൻസിസി കേഡറ്റ് മാരുടെയും അഭിവാദ്യങ്ങൾ സ്വീകരിച്ചാണ് മുഖ്യമന്ത്രി സദസ്സിലേക്ക് എത്തിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, പി പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് 
കലവൂർ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വേദിയിൽ അരങ്ങേറി. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ചിട്ടപ്പെടുത്തിയ ഗാനമാണ് പ്രവേശനോത്സവ ഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ 
ഭാഗമായി. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നത്. ഗുരുഗോപിനാഥ് നടന ഗ്രാമത്തിലെ പ്രശസ്തരാണ് ദൃശ്യാവിഷ്കാരം ചിട്ടപ്പെടുത്തിയത്.

നവാഗതരായ കുട്ടികൾക്ക് മുഖ്യമന്ത്രി 
ബാഗുകളും മറ്റ് പഠനോപകരണങ്ങളും സമ്മാനിച്ചു. തുടർന്ന് പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പുസ്തകങ്ങൾ കൊടുത്തുകൊണ്ടാണ് വിശിഷ്ട വ്യക്തികളെ വേദിയിൽ വരവേറ്റത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേട്ടങ്ങളുടെ പുസ്തകപ്രകാശനം മുഖ്യമന്ത്രിയിൽ നിന്നും മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. 

ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലവൂർ സ്കൂളിലെ വിദ്യാർഥികളായ ഹരിശേഖർ, ഹൃദി എന്നിവർ ഒരു ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളിൽ നിന്നും സംഭാവന ഏറ്റുവാങ്ങി. പ്രവേനോത്സവ ഗാനത്തിൻ്റെ രചന നിർവ്വഹിച്ച ഭദ്രാ ഹരിയെയും ഈണമിട്ട സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിനെയും ചടങ്ങിൽ മുഖ്യമന്ത്രി  ആദരിച്ചു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ലഹരിവിരുദ്ധ സംഗീത നൃത്തശില്പം ജീവിതോത്സവം 2025 'തുടി' പ്രകാശനവും മന്ത്രി നിർവഹിച്ചു. പ്രവേശനോത്സവത്തിൽ എത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മറ്റുമായി വിഭവസമൃദ്ധമായ ഭക്ഷണവും സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി പൊതുസമൂഹമാകെ ജില്ലയിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ അണിചേർന്നു.

date