ക്ലാസുകൾ ആരംഭിച്ചു: കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം- ജില്ലാ മെഡിക്കൽ ഓഫീസർ
പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികൾ കടക്കുമ്പോൾ അവരുടെ ശാരീരിക മാനസിക ആരോഗ്യം സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇതിനായി അവരെ പ്രാപ്തരാക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുട്ടികളുടെ ആരോഗ്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം,
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരം കഴിക്കുന്നതിന് മുമ്പും ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയാലുടൻ കുളിച്ച് വൃത്തിയാകുക. കഴുകി ഉണക്കിയ വസ്ത്രങ്ങൾ ധരിക്കുക. പ്രഭാതഭക്ഷണം മുടങ്ങരുത്. സമീകൃത ആഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും നിത്യേന ഭക്ഷണത്തിൽ ഉറപ്പാക്കണം. ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാസ്ക് ധരിക്കുക. ഉടൻ തന്നെ ചികിത്സ തേടണം. പകർച്ചാ സ്വഭാവമുള്ള രോഗങ്ങൾ ഉള്ളപ്പോൾ സ്കൂളിൽ പോകരുത്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി എടുത്തെന്ന് ഉറപ്പാക്കുക. വാക്സിനേഷൻ കാർഡ് സൂക്ഷിക്കുക.
സ്കൂളുകളിലെ ശുചിമുറി വൃത്തിയുള്ളതാണെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണം. വൃത്തിയായി ശുചിമുറി ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. പെൺകുട്ടികൾക്ക് ആർത്തവ ശുചിത്വത്തെ കുറിച്ചും അവബോധം ഉറപ്പാക്കണം.
കുട്ടികൾ യാത്രയ്ക്കായി ആശ്രയിക്കുന്ന സ്കൂൾ ബസ്, സ്വകാര്യ വാഹനം എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അപകടമില്ലാതെ യാത്ര ചെയ്യാനും റോഡ് മുറിച്ചു കടക്കാനുമുള്ള പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കണം.
നായ, പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ പെട്ടെന്ന് സോപ്പ് ഉപയോഗിച്ച് പൈപ്പ് വെള്ളത്തിലോ വെള്ളം കോരി ഒഴിച്ചോ 15 മിനിറ്റ് സമയം വൃത്തിയായി കഴുകുക. പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ എടുക്കണം. ഇത്തരത്തിൽ കടിയോ മാന്തലോ കിട്ടിയാൽ നിശ്ചയമായും രക്ഷിതാക്കളോടും അധ്യാപകരോടും പറയണം. നടക്കുമ്പോഴോ സൈക്കിളിൽ പോകുമ്പോഴോ നായ കടിക്കാൻ ഓടിക്കുന്നതും മറ്റും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ വീഴ്ചയോ മുറിവുകളോ ഉണ്ടായാലും നായ ദേഹത്തേക്ക് ചാടിക്കയറുകയോ മറ്റോ ചെയ്താലും രക്ഷകർത്താക്കളോട് പറയണം. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടറോട് കൃത്യമായി വിവരങ്ങൾ പറയണം.
കെട്ടിനിൽക്കുന്ന വെള്ളത്തിലും വൃത്തിഹീനമായ മണ്ണിലും ഇറങ്ങി കളിക്കരുത്. കൈകാലുകളിലെ മുറിവുകളിലൂടെ എലിപ്പനി രോഗാണുക്കൾക്ക് ശരീരത്തിൽ കടക്കാം. കളികഴിഞ്ഞ് മടങ്ങിയെത്തിയാൽ ഉടൻ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. വൃത്തിയില്ലാത്ത കുളത്തിലും മറ്റും മുങ്ങി കുളിക്കരുത്. മഴക്കാലത്ത് സുരക്ഷിതരായിരിക്കാം.
പുകയില ഉൽപ്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാനുള്ള പ്രേരണകളോട് 'നോ' പറയാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക. പഠനത്തെയും പരീക്ഷയെയും സന്തോഷത്തോടെ അഭിമുഖീകരിക്കുക. കുഞ്ഞുങ്ങൾ ആശങ്കകളും സങ്കടങ്ങളും രക്ഷിതാക്കളോടും അധ്യാപകരോടും പങ്കിടാൻ മടിക്കരുത്.
(പി ആർ/ എ എൽ പി/1609)
- Log in to post comments