-ജില്ലാതല പ്രവേശനോത്സവം കൽപ്പറ്റ ജിവിഎച്ച്എസ്എസിൽ നാളെ (ജൂൺ രണ്ട്) സ്കൂളുകൾ തുറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം.* *നാളെ സ്കൂളുകൾ തുറക്കാൻ എല്ലാം സജ്ജം*
പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്കൂളുകളിലും തൽസമയം സ്ക്രീനിൽ പ്രദർശിപ്പിക്കും. അതിനുശേഷം സ്കൂൾതല, ജില്ലാതല പ്രവേശനോത്സവം നടത്തും. രാവിലെ 9.30ന് കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് വിദ്യാഭ്യാസ ഓഫീസറുടെ സഹായത്തോടെ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ നിന്നും നൽകുന്ന നടപടിക്രമം ഇതിനോടകം പൂർത്തിയായി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സ്കൂളിലാണ് സൂക്ഷിക്കേണ്ടത്. പുതുതായി നിർമിച്ച കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങൾ ഇല്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.
സ്കൂളുകളിൽ സുരക്ഷിതവും പ്രചോദനപരവുമായ പഠനാന്തരീക്ഷം, പഠനാനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങൾ ഒരുക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ, ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷക്കായി സ്കൂളുകളിൽ വാഹനപാർക്കിങ് സൗകര്യം ഉറപ്പാക്കുക, സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി നിരോധിച്ച വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക, ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാനായി ജനജാഗ്രത സമിതി രൂപീകരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചു.
സ്കൂൾ ബസിൽ വിദ്യാർത്ഥികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചല്ലേ എന്ന പരിശോധന കഴിഞ്ഞു.
വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളിൽ നിന്നും സ്കൂളുകൾ ക്ലിയറൻസ് വാങ്ങി കഴിഞ്ഞു.
പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ വിദ്യാവാഹിനി പദ്ധതി സ്കൂൾ തുറക്കുന്നത് മുതൽ സജീവമാകും.
- Log in to post comments