പെരുമ്പളത്തിന് 'കേരഗ്രാമം' പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.പ്രസാദ്
വിള ആരോഗ്യകേന്ദ്രവും നവീകരിച്ച കൃഷിഭവനും മന്ത്രി ഉദ്ഘാടനം ചെയ്തു
പെരുമ്പളത്തിന്റെ കേരകാർഷിക മേഖലയുടെ ഉന്നമനത്തിന് പഞ്ചായത്തിന് കേരഗ്രാമം പദ്ധതി അനുവദിച്ചതായി കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിന്റെയും നവീകരിച്ച കൃഷിഭവന്റെയും കാർഷിക കർമ്മ സേനക്ക് പുതുതായി നിർമ്മിച്ച ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
മികച്ച കർഷക പാരമ്പര്യമുള്ള മണ്ണാണ് പെരുമ്പളത്തിന്റേത്. കേരഗ്രാമം പദ്ധതി പഞ്ചായത്തിൽ നടപ്പാക്കുന്നതു വഴി നാളികേര കർഷകർക്ക് വകുപ്പിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകും. പെരുമ്പളം ബ്രാൻഡ് വെളിച്ചെണ്ണ ഉൾപ്പെടെയുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ പദ്ധതി വഴി വിപണിയിൽ ഇറക്കണം. അതിനാവശ്യമായ എല്ലാ സഹായങ്ങളും കൃഷിവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷിയിലും പെരുമ്പളം സ്വയം പര്യാപ്തത കൈവരിക്കണം. കൃഷിയിൽ മികച്ച വിളവ് നേടാനുള്ള ഭൂമിശാസ്ത്രപരമായ എല്ലാ സവിശേഷതകളും പെരുമ്പളത്തിനുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പോലുള്ള പദ്ധതികൾ കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായി നടത്താനുള്ള പ്രവർത്തനങ്ങള് ഉടൻ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടിൽ ഇന്ന് അടുക്കളയുടെ പ്രാധാന്യം കുറഞ്ഞുവരികയും ആശുപത്രികളുടെ പ്രാധാന്യം കൂടി വരികയുമാണ്. അതുകൊണ്ട് പോഷകസമൃദ്ധമായ ഭക്ഷണക്രമം അനുസരിച്ചുള്ള ഉത്പാദനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി എല്ലാ പഞ്ചായത്തുകളിലും ഫുഡ് ക്ലബ്ബുകളും വാർഡ് അടിസ്ഥാനത്തിൽ കൃഷിക്കൂട്ടങ്ങളും രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കാർഷിക വികസന വകുപ്പ് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് വിള ആരോഗ്യ കേന്ദ്രം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 8.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കൃഷിഭവൻ നവീകരിച്ചത്. ഈ കെട്ടിടത്തിൽ തന്നെയാണ് കാർഷിക കർമ്മ സേനയുടെ ഓഫീസും സജ്ജീകരിച്ചിരിക്കുന്നത്.
പഞ്ചായത്ത് കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി ആർ രജിത മുഖ്യപ്രഭാഷണവും പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി പദ്ധതി വിശദീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എൻ ജയകരൻ, സ്ഥിരംസമിതി അധ്യക്ഷരായ ശ്രീമോൾ ഷാജി, സരിത സുജി, കുഞ്ഞൻ തമ്പി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന കുമാരി, പാണാവള്ളി എ.ഡി.എ ജി.വി റെജി, കൃഷി ഓഫീസർ വർഷ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം റിട്ട. കൃഷി അസി ഡയറക്റ്റർ ബിജുമോൻ സക്കറിയയുടെ നേതൃത്വത്തിൽ 'വിള പരിപാലനം' എന്ന വിഷയത്തിൽ പഠനക്ലാസും നടന്നു.
(പിആർ/എഎൽപി/1677)
- Log in to post comments