സ്ത്രീ ശാക്തീകരണം ഇനിയും മുന്നോട്ട് പോകണം: വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി
*ജില്ലാതല അദാലത്തിൽ 24 പരാതികള്‍ തീര്‍പ്പാക്കി
സ്ത്രീ ശാക്തീകരണം ഇനിയും മുന്നോട്ട് പോകണമെന്നും സ്ത്രീകൾ ഇനിയും സാമ്പത്തിക സ്വാശ്രയത്തിലേക്ക് എത്തണമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം വി ആർ മഹിളാമണി പറഞ്ഞു. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലാതല സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതികളുടെ കൃത്യമായ പ്രവർത്തനവും ഇടപെടലും വേണമെന്നും കമ്മിഷന്‍ അംഗം വി ആർ മഹിളാമണി വ്യക്തമാക്കി.
കമ്മീഷനു മുൻപാകെ വന്നിട്ടുള്ള കേസുകളിൽ കൂടുതലും ഗാർഹിക ചുറ്റുപാടുകളിൽ നിന്നുള്ളതായിരുന്നു. . സിറ്റിങ്ങിൽ ആകെ ലഭിച്ച 82 പരാതികളിൽ 24 എണ്ണം തീര്‍പ്പാക്കി. 12 പരാതികളിൽ പൊലീസ് റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികൾ ജാഗ്രതാ സമിതി റിപ്പോർട്ടിനായി അയച്ചു. 44 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.
ജില്ലാതല സിറ്റിങ്ങിൽ അഡ്വ. ജിനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, കൗണ്‍സലര്‍ അഞ്ജന വിവേക്, വനിത ശിശു വികസന വകുപ്പ് ജെൻഡർ സ്പെഷ്യലിസ്റ്റ് ആതിരാ ഗോപി, ആലപ്പുഴ വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1697)
- Log in to post comments