വിജ്ഞാന കേരളം: ചേർത്തലയിൽ മൈക്രോ തൊഴിൽമേള ഇന്ന് (14) മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി
തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള ഇന്ന് (ജൂണ്‍ 14 ന്) കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങിൽ, നഗരസഭാധ്യക്ഷ ഷേർളി ഭാർഗ്ഗവൻ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, മുൻ എംപി എ എം ആരിഫ് എന്നിവർ മുഖ്യാതിഥികളാകും. വിജ്ഞാന കേരളം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ സി കെ ഷിബു റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ മേരി ടെൽഷ്യ, വി ആർ രജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
മൈക്രോ തൊഴിൽമേളയിൽ 20 കമ്പനികളിലായി 9000 ഒഴിവുകളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്ല്യൂഎംഎസ്) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ജില്ലാ തലത്തില്‍ നടന്ന മെഗാ തൊഴില്‍ മേളയുടെ തുടര്‍ച്ചയായാണ് മൈക്രോ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. വരും മാസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും.
- Log in to post comments