ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല ഇന്ന്(26)
-മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും അണിചേരും
ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കാൻ ഒരുങ്ങി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് (ജൂൺ 26ന്) പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനും അണിചേരും.
പഞ്ചായത്ത് അതിർത്തിയായ കൃഷിഭവൻ സ്വാഗതം ബോർഡുമുതൽ ചെങ്ങണ്ടപ്പാലം വരെ രാവിലെ 11 മണി മുതൽ 11.05 വരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. ദലീമ ജോജോ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്, ബിജു മല്ലാരി, രാജീവ് ആലുങ്കൽ, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, സാഹിത്യ മേഖലകളിലെ പ്രമുഖർ, ജനപ്രതിനിധികൾ, യുവജന സംഘടനാ പ്രവർത്തകർ, വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവരും ചങ്ങലയിൽ അണിചേരും.
പരിപാടിയുടെ ഭാഗമായി തെരുവുനാടകം, ഫ്ലാഷ് മോബ്, വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്, രചന മത്സരം, വാർഡ്‌തല ജാഗ്രതാ സമിതി യോഗങ്ങൾ, പ്രധാന കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ തുടങ്ങിയവയും കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
(പിആർ/എഎൽപി/1834)
- Log in to post comments