Skip to main content
 പേവിഷബാധ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ പോസ്റ്റര്‍ പ്രകാശനം പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം നിര്‍വഹിക്കുന്നു

പേവിഷബാധ പ്രതിരോധം : സ്പെഷ്യല്‍ സ്‌കൂള്‍ അസംബ്ലിയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

പേവിഷബാധ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ സ്പെഷ്യല്‍ അസംബ്ലിയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍  അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി വിഷയാവതരണം നടത്തി. പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ലഘുലേഖ പ്രകാശനം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ നിര്‍വഹിച്ചു.
മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്‌സിനും പ്രധാനമാണ്. കടിയേറ്റാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്‌സിനേഷന്‍, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണം
നല്‍കി. പേ വിഷബാധ, പുകയില വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം എന്നിവയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തീം ഡാന്‍സും സൂംബയും അവതരിപ്പിച്ചു.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ് സേതുലക്ഷ്മി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍  എസ് ശ്രീകുമാര്‍, മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി മാത്യു സ്‌കറിയ, പ്രധാനധ്യാപിക മിനി തോമസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്,  ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date