Skip to main content

ജില്ലയിലെ 208 ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(സി.എം.എല്‍.ആര്‍.ആര്‍.പി. 2.0)യില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഗ്രാമീണറോഡുകളുടെ നവീകരണം സെപ്റ്റംബറോടെ പൂര്‍ത്തിയാക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് കോട്ടയം തെള്ളകം ഡി.എം. കണ്‍വെന്‍ഷനില്‍ നടന്ന ആലപ്പുഴ, എറണാകുളം, ഇടുക്കി,  കോട്ടയം ജില്ലകളുടെ മേഖലാതല യോഗത്തില്‍ അറിയിച്ചു. 
ആലപ്പുഴ ജില്ലയില്‍ ആകെ 208 റോഡുകളാണ് സി.എം.എല്‍.ആര്‍.ആര്‍.പിയ്ക്കു കീഴില്‍ വരുന്നത്.  ഇതില്‍ 151 എണ്ണത്തിന്റെ നവീകരണത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്.  45 റോഡുകള്‍ക്ക് കരാര്‍ നല്‍കാനായിട്ടുണ്ട്. ഇതില്‍ 21 റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. 
 ജില്ലയില്‍ 8 ഗ്രാമീണറോഡുകള്‍ക്കാണ് നവീകരണവുമായി ബന്ധപ്പെട്ട് എന്‍.ഒ.സി. അടക്കമുള്ള പ്രശ്നങ്ങള്‍ നേരിടുന്നത്. ആസ്്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത റോഡുകള്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍, ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് പേരിലും തുകയിലും വരുത്തേണ്ട ഭേദഗതികള്‍, 2021ല്‍ പുതുക്കിയ ഡി.എസ്.ഒ.ആര്‍. നിരക്ക് വന്നിട്ടുളളതിനാല്‍ ഇനി ടെന്‍ഡര്‍ ചെയ്യാനുള്ള പ്രവൃത്തികള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ഉപയോഗിക്കാനുള്ള ഉത്തരവ് ലഭ്യമാകല്‍ തുടങ്ങിയവയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ നേരിട്ടിരുന്ന തടസങ്ങള്‍. നിരക്കുകള്‍ പുതുക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ പുറപ്പെടുവിച്ച് താഴേത്തട്ടിലേക്കു നല്‍കണമെന്നും യോഗത്തില്‍ മുഖമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

date