ജില്ലയില്‍ 3131 കുടുംബങ്ങള്‍ അതിദാരിദ്ര്യ മുക്തമായി
ആഗസ്റ്റോടെ ജില്ലയിലെ 100 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കും
സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന അതിദാരിദ്യ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആലപ്പുഴ ജില്ലയിലെ 3131 കുടുംബങ്ങള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി.
തെള്ളകം ഡിഎം കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്ന ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പദ്ധതികള്‍ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. എസ് ചിത്ര അവതരിപ്പിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പുരോഗതി റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലയിലെ 99 ശതമാനം അതിദരിദ്ര കുടുംബങ്ങളും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായതായി ചൂണ്ടിക്കാട്ടി. ജില്ലയില്‍ 3153 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും വരുന്ന ആഗസ്റ്റോടെ ജില്ലയിലെ 100 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാനാവുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
10 പേര്‍ക്കായി മാവേലിക്കരയില്‍ കണ്ടെത്തിയ 31 സെന്റ് ഭൂമിയുടെ പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുകയാണ്. ഇത് രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കും. കായംകുളം മുനിസിപ്പാലിറ്റിയിലെ 26 ഗുണഭോക്താക്കള്‍ക്കായി കണ്ടെത്തിയ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷണം, മരുന്ന്, പാലിയേറ്റീവ് കെയര്‍, ആരോഗ്യസുരക്ഷ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഇ പി ഐപി തിരിച്ചറിയല്‍ കാര്‍ഡുകളും അവകാശ രേഖകളും ലഭ്യമാക്കിയിട്ടുണ്ട്. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യബസ് യാത്രാ പാസ്, പഠനോപകരണങ്ങള്‍ എന്നിവയും വിതരണം ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത പ്രധാനപ്രവര്‍ത്തനമാണ് അതിദാരിദ്ര്യ നിര്മ്മാര്ജനമെന്നും നവംബറില്‍ സംസ്ഥാനത്തെ അതിദരിദ്രമുക്തമായി പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഉപസംഹാരപ്രസംഗത്തില്‍ പറഞ്ഞു.
- Log in to post comments