Skip to main content

പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്ന സംസ്കാരം വിദ്യാർഥികളിൽ വളർത്തണം: സ്പീക്കർ എ എൻ ഷംസീർ

 

വിദ്യാർഥികളിൽ പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്ന സംസ്കാരവും വളർത്തിയെടുക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിലെ എംഎൽഎ പ്രതിഭാ പുരസ്കാര വിതരണം ഐഎച്ച്ആർഡി കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നത് കുട്ടികളിൽ മുന്നോട്ടുള്ള വിജയത്തിന് പ്രചോദനമാകും. എസ്എസ്എൽസിയും പ്ലസ്ടുവും വിദ്യാർഥിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളാണ്. എസ്എസ്എൽസി ഒരു വിദ്യാർഥിയുടെ ആദ്യ പൊതുപരീക്ഷയാണെങ്കിൽ പ്ലസ് ടു ഏത് മേഖലയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്ന മാർഗമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഇന്ത്യക്ക് മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു.

ചടങ്ങിൽ ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജിൽ ഒമ്പത് കോടി രൂപ ചെലവിൽ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിൽ 36 സ്കൂൾ കെട്ടിടങ്ങൾ പൂർത്തീകരിച്ചു. ബാക്കി കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു. വലിയ രീതിയിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖല മുന്നേറുമ്പോൾ അതിൽ ചെങ്ങന്നൂർ ഒട്ടും പിന്നിലല്ല എന്നും അദ്ദേഹം പറഞ്ഞു. 

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസും സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90 ശതമാനത്തിൽ കൂടുതൽ മാർക്കും നേടിയ 640 വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ വ്യക്തിഗത നേട്ടം കൈവരിച്ച 100 പേർക്കുമാണ് പുരസ്കാരം നൽകിയത്.

ചടങ്ങിൽ ചലച്ചിത്രതാരം അർജുൻ അശോകൻ വിശിഷ്ടാതിഥിയായി. പ്രതിഭകളായ കണ്മണി, മുഹമ്മദ് യാസീൻ, ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കെ എസ് സി എം എം സി ചെയർമാൻ എം എച്ച് റഷീദ്, ചെങ്ങന്നൂർ നഗരസഭ അധ്യക്ഷ ശോഭ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, സംഘാടകസമിതി ചെയർമാൻ അഡ്വ. എം ശശികുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പലത മധു, കെ ആർ മുരളീധരൻപിള്ള, എം ജി ശ്രീകുമാർ, റ്റി വി രത്നകുമാരി, കെ കെ സദാനന്ദൻ, റ്റി സി സുനിമോൾ, പ്രസന്ന രമേശൻ, പി വി സജൻ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള ദേവി, നഗരസഭാഗം വി വിജി, ബിപിഒ ജി കൃഷ്ണകുമാർ, പി ശെൽവരാജൻ തുടങ്ങിയവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/1946)

date