ആരോഗ്യം ആനന്ദം 2.0': ക്യൂ ആർ കോഡ് പ്രകാശനം ചെയ്തു
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ആരോഗ്യം ആനന്ദം 2.0' കാമ്പയിൻ്റെ ഭാഗമായി പുരുഷന്മാരിലെ കാൻസർ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പുകള്‍ക്ക് ജില്ലയിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായുള്ള ക്യു ആർ കോഡ് പ്രകാശനം ജില്ലാ കളക്ടറുടെ ചേംബറിൽ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും ജീവിതശൈലി രോഗ നിയന്ത്രണ നോഡൽ ഓഫീസറുമായ ഡോ. അനു വർഗീസ് ക്യു ആർ കോഡ് ജില്ലാ കളക്ടർക്ക് കൈമാറി. കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് സമർപ്പിക്കുന്നതിലൂടെ വ്യക്തികളുടെ ജീവിതശൈലി രോഗസാധ്യത വിവരങ്ങൾ ആരോഗ്യവകുപ്പിന് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നിർദേശങ്ങൾ അതത് ആരോഗ്യസ്ഥാപനങ്ങൾ നൽകും. പുരുഷന്മാരിൽ കാണപ്പെടുന്ന വദനാർബുദം, വൻകുടൽ കാൻസർ, മലാശയ കാൻസർ തുടങ്ങിയവ ആരംഭത്തിൽ തന്നെ തിരിച്ചറിയുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. വ്യക്തിവിവരങ്ങൾ സ്വകാര്യമായി സംരക്ഷിക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പ്രദർശിപ്പിക്കും. ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആര്‍/എ.എല്‍.പി/1977)
- Log in to post comments