Skip to main content

സംസ്ഥാന മത്സ്യകർഷക അവാർഡ് : വിജയത്തിളക്കത്തിൽ ആലപ്പുഴ

 

സംസ്ഥാന മത്സ്യ കർഷക അവാർഡുകൾ  പ്രഖ്യാപിച്ചപ്പോൾ

ഒന്നാം സ്ഥാനം ഉൾപ്പടെ ആകെ അഞ്ച് വിഭാഗങ്ങളിൽ ആലപ്പുഴ ജില്ല അവാർഡ് സ്വന്തമാക്കി. പിന്നാമ്പുറ മത്സ്യകർഷകൻ, ഫീൽഡ് ഓഫീസർ, പ്രൊജക്റ്റ് പ്രൊമോട്ടർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ജില്ലയ്ക്ക്  ഒന്നാം സ്ഥാനം.

 

 പതിമൂന്ന് വർഷങ്ങളായി മത്സ്യകൃഷി രംഗത്ത് സജീവമായ കാർത്തികപ്പള്ളി മൈത്രി ഫാം ഉടമ ശശികുമാർ മികച്ച പിന്നാമ്പുറ കർഷകനായി. പത്ത് വർഷക്കാലമായി തുടർച്ചയായി കരിമീൻ, വരാൽ തുടങ്ങി വിപണി മൂല്യമുള്ള മത്സ്യങ്ങളെ വിജയകരമായി കൃഷി ചെയ്യുന്ന ജോൺ മാത്യു, ബുധനൂർ ആണ് മികച്ച രണ്ടാമത്തെ ശുദ്ധജല കർഷകൻ .

 

ബയോഫ്ളോക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യകൃഷി ചെയ്യുകയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്ന അലക്സ് മാത്യുസ്,അമ്പലപ്പുഴ, മികച്ച മത്സ്യമേഖല സ്റ്റാർട്ടപ്പിനുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹനായി. തൃക്കുന്നപ്പുഴ മത്സ്യഭവനിലെ അക്വാകൾച്ചർ പ്രൊമോട്ടറായ എ സലീനയാണ് മികച്ച പ്രോജക്ട് പ്രൊമോട്ടർ. ചേർത്തല മത്സ്യഭവനിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറായ എസ് രാഗേഷിനെ മികച്ച ഫീൽഡ് തല ഉദ്യോഗസ്ഥനായും തെരഞ്ഞെടുത്തു.

 

വൈവിധ്യമാർന്ന മത്സ്യകൃഷി രീതികൾ അവലംബിച്ചും വിവിധ മത്സ്യ ഇനങ്ങളെ കൃഷി ചെയ്തും മികച്ച നേട്ടം കൈവരിച്ച കർഷകരേയും മത്സ്യകൃഷി പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മത്സ്യകൃഷിയിൽ ഇടപെടൽ നടത്തിയ സഹകരണ സ്ഥാപനങ്ങളെയും മത്സ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ ഫിൽഡ് തല ഉദ്യോഗസ്ഥരെയും ആദരിക്കുന്നതാണ് സംസ്ഥാന മത്സ്യ കർഷക അവാർഡുകൾ. മികച്ച ഓരുജല കർഷകൻ, മികച്ച ചെമ്മീൻ കർഷകൻ, മികച്ച ശുദ്ധജല കർഷകൻ, മികച്ച നൂതന മത്സ്യകർഷകൻ, മികച്ച പിന്നാമ്പുറ കർഷകൻ, മികച്ച അലങ്കാര മത്സ്യകർഷകൻ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, സഹകരണ സ്ഥാപനം, മികച്ച പ്രോജക്ട് കോ-ഓർഡിനേറ്റർ, മികച്ച പ്രോജക്ട് പ്രൊമോട്ടർ, മികച്ച ഫീൽഡ് തല ഉദ്യോഗസ്ഥൻ, മത്സ്യമേഖല സ്റ്റാർട്ടപ്പ്, മികച്ച ജില്ല എന്നിങ്ങനെ 13 വിഭാഗങ്ങളിലായാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 

 

ജൂലൈ 11 ന് കൊല്ലം കൊട്ടാരക്കര സൗപർണിക ആഡിറ്റോറിയത്തിൽ മത്സ്യബന്ധന സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല മത്സ്യകർഷക ദിനാചരണ ചടങ്ങിൽ അവാർഡ് ജേതാക്കളെ അനുമോദിക്കും

date