Skip to main content

മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ജില്ലയില്‍*

പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് (ജൂലൈ 12) ജില്ലയിലെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി സപ്ത റിസോട്ടില്‍ വയനാട് മണ്‍സൂണ്‍ കാര്‍ണിവല്‍ പന്ത്രണ്ടാം പതിപ്പ് സ്പ്ലാഷ്-2025, രാവിലെ 11 ന് വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3, ഉച്ച 12 ന് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവൃത്തനോദ്ഘാടനം, വൈകിട്ട് 4.30 ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെട്ടറ പാലം ഉദ്ഘാടനം, വൈകിട്ട് അഞ്ചിന് മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണോദ്ഘാടനം എന്നിവ നിര്‍വഹിക്കും.

*പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ 'വര്‍ണ്ണക്കൂടാരം' കൂടുതൽ കളറാകുന്നു*

കുരുന്നുകള്‍ മടികൂടാതെ വിദ്യാലയങ്ങളില്‍ എത്താന്‍ ജില്ലയിലെ പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ പദ്ധതി 'വര്‍ണ്ണക്കൂടാരം' കൂടുതൽ ആകര്‍ഷകമാകുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള മുഖേന പ്രീ-പ്രൈമറിതലത്തിലെ പഠനനിലവാരം ഉയര്‍ത്തി ചിന്താശേഷി വര്‍ദ്ധിപ്പിച്ച്, പ്രീ-പ്രൈമറി സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉര്‍ത്തി മികച്ച പഠനാന്തരീക്ഷം ഒരുക്കുകയാണ്. കുട്ടികളുടെ സര്‍ഗ്ഗശേഷി, പ്രശ്‌ന പരിഹാരശേഷി വര്‍ദ്ധിപ്പിക്കല്‍, കളികളിലൂടെയും സംസാരത്തിലൂടെയും ആശയവിനിമയം നടത്തി പഠിനാവസരമൊരുക്കല്‍, പഠനമുറികള്‍, കളി സ്ഥല നവീകരണം പ്രവര്‍ത്തികളാണ് വര്‍ണ്ണക്കൂടാരത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകമാവും വിധം പഠനത്തെ കൂടുതല്‍ രസകരമാക്കുകയാണ് പദ്ധതിയിലൂടെ.

ഭാഷായിടം, ഗണിതയിടം, ഇ-ഇടം, നിര്‍മാണ ഇടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, വരയിടം, അകം കളി ഇടം, പഞ്ചേന്ദ്രിയ ഇടം, പുറം കളി ഇടം, കരകൗശല ഇടം, ശാസ്ത്ര ഇടം, സംഗീത ഇടം തുടങ്ങി 13 കളിയിടങ്ങളാണ് വര്‍ണ്ണക്കൂടാരത്തിന്റെ ഭാഗമാവുന്നത്. സര്‍വ്വ ശിക്ഷ കേരളം നടപ്പാക്കുന്ന മാതൃക വിദ്യാഭ്യാസ പദ്ധതിയായ വര്‍ണ്ണകൂടാരം വൈത്തിരി ഉപജില്ലയിലെ 18 പ്രീ-പ്രൈമറി സ്‌കൂളുകളിലും സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ 30 പ്രീ-പ്രൈമറി സ്‌കൂളുകളിലും മാനന്തവാടി ഉപജില്ലയിലെ 27 പ്രീ-പ്രൈമറി സ്‌കൂളുകളിലുമായി ജില്ലയിലെ 75 വിദ്യാലയങ്ങളില്‍ ആരംഭിച്ചു.
 

date