ഇരവിപേരൂര്‍ ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃക: മന്ത്രി എം ബി രാജേഷ് മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്ത്വം
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് ഗ്രാമപഞ്ചായത്തിനെ അഭിനന്ദിക്കുന്നു. ഏറെ പ്രതിസന്ധി അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയതെന്ന് അറവുശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്. ഇതുപോലുള്ള ആധുനിക അറവുശാല നാടിനുവേണം. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നു. സര്‍ക്കാര്‍ എന്ത് നടപ്പാക്കിയാലും എതിര്‍ക്കാന്‍ കുറച്ചുപേരുണ്ടാകും. എല്ലാവരും സ്വയം പണ്ഡിതരാകാന്‍ ശ്രമിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ ആധുനികമെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഒട്ടേറെ കടമ്പ കടന്ന് ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിലെത്തി. സ്വകാര്യ പങ്കാളിത്തേത്തോടെ ബി.ഒ.ടി വ്യവസ്ഥതയില്‍ നടപ്പാക്കുന്ന പദ്ധതി അറവുമാടുകളെ നൂതന സംവിധാനത്തിലൂടെ മെഷീന്‍ വഴി അണുവിമുക്തമാക്കി കശാപ്പു ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്‍കുന്നു.
മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത്വമാണെന്ന് മന്ത്രി പറഞ്ഞു. പിഴ ചുമത്തിയതു കൊണ്ടു മാത്രം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ തടയാനാകില്ല. ജനകീയ ബോധവല്‍ക്കരണം ആവശ്യമാണ്. കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്‌കരണം. ഹരിതകര്‍മസേന പ്രവര്‍ത്തനം പ്രശംസനീയമാണെങ്കിലും പൊതുജനപങ്കാളിത്തം ആവശ്യമാണ്. 'മാലിന്യമുക്ത നവകേരളം' കാമ്പയിന്‍ വിജയകരമായി മുന്നേറുന്നു.
കക്കൂസ് മാലിന്യം, ഡയപ്പര്‍, അറവുശാല മാലിന്യം തുടങ്ങിയവയുടെ സംസ്‌കരണം വലിയ വെല്ലുവിളിയായിരുന്നു. വഴികളിലൂടെ മൂക്ക് പൊത്തി നടക്കേണ്ട സാഹചര്യം മുമ്പുണ്ടായിരുന്നു. എന്നാല്‍ കോഴി മാലിന്യമടക്കം സംസ്‌കരിക്കാന്‍ 42 പ്ലാന്റുകള്‍ സ്ഥാപിച്ചു. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനും സംവിധാനമുണ്ടാക്കി. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. 9446700800 വാട്ട്സ്ആപ്പ് നമ്പറില്‍ ജനങ്ങള്‍ക്ക് മാലിന്യം വലിച്ചെറിയുന്നവരുടെ വീഡിയോ സഹിതം പരാതിപ്പെടാം. പിഴ ചുമത്തുന്നതിന്റെ നാലിലൊന്ന് തുക അറിയിക്കുന്ന ആള്‍ക്ക് നല്‍കും. ഈ രീതിയില്‍ മാത്രം 30 ലക്ഷം രൂപയോളം പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.
വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണവും ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള മാംസം വിപണിയില്‍ എത്തിക്കുന്നതാണ് പദ്ധതി. 1.20 കോടി രൂപയാണ് ചെലവ്. സര്‍ക്കാര്‍ സഹായത്തിന് പുറമെ ഗ്രാമപഞ്ചായത്ത് 30 ലക്ഷവും ജില്ലാ പഞ്ചായത്ത് 20 ലക്ഷവും ചെലവഴിച്ചു. പ്രതിദിനം 15 മുതല്‍ 20 കന്നുകളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളുണ്ട്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഫിലിപ്പ് അധ്യക്ഷയായി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്ദഗോപന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനേഷ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments