Skip to main content

*മെഡിക്കൽ കോളജ് ആയ വർഷം അധികം എത്തിയത് 1,33,853 പേർ*

2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന.

2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക് എത്തിയപ്പോൾ പിറ്റേ വർഷം മെഡിക്കൽ കോളജ് ആശുപത്രി ആയി ഉയർത്തിയശേഷം എത്തിയത് 4,04269 പേർ; 1,33,853 പേരുടെ വർധന.

2022 ൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ 6,73,737 പേരും 2023 ൽ 7,13,940 പേരും കഴിഞ്ഞ വർഷം 6,83,914 പേരും ചികിത്സ തേടിയെത്തി (ബോക്സ്‌ കാണുക).

ആശുപത്രിയിലെ 11 വാഹനങ്ങളും പ്രവർത്തന സജ്ജമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഐസിയു ആംബുലൻസ് പൂർണ്ണമായും പ്രവർത്തിക്കുന്നു.  

ആശുപത്രിയിൽ 41 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മൂന്ന് ഡോക്ടർമാർ ജോലി ക്രമീകരണ വ്യവസ്ഥയിൽ തുടരുന്നു. 24x7 പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും അത്യാവശ്യ ഘട്ടങ്ങളിൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവുമുണ്ട്.

സിടി സ്‌കാൻ യന്ത്രം പരിഹരിക്കാൻ കഴിയാത്തവിധം തകരാർ ആയതിനാൽ പുതിയത് വാങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ യന്ത്രം വരുന്നത് വരെ നല്ലൂർനാട് ഗവ. കാൻസർ ആശുപത്രിയിലെ സിടി സ്കാൻ സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നത്.

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ സെപ്റ്റിക് ടാങ്ക്, മാലിന്യ സംസ്കരണ സംവിധാനം എന്നിവയുമുണ്ട്.

ആശുപത്രി ഐപി, ഒപി വിഭാഗം കെട്ടിടങ്ങളുടെ ചോർച്ച, ശുചിമുറികളുടെ നവീകരണം, ഐസി യൂണിറ്റ്, ഓപ്പറേഷൻ തിയ്യറ്റർ എന്നിവയുടെ അറ്റകുറ്റ പണികൾ എന്നിവ അടിയന്തിരമായി നിർവഹിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് മെയ് മാസം കത്ത് നൽകിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പൊതുമരാമത്ത് കെട്ടിട വിഭാഗം (സ്പെഷ്യൽ ബിൽഡിങ്) നേരിട്ടാണ് കെട്ടിടങ്ങളുടെ പ്രവൃത്തികളും അറ്റകുറ്റ പണികളും ചെയ്യേണ്ടത്.

BOX

രോഗികളുടെ കണക്ക്

(വർഷം, ആശുപത്രി, ഒപി രോഗികൾ, ഐപി രോഗികൾ, ആകെ രോഗികൾ എന്ന ക്രമത്തിൽ)

2020-ജില്ലാ ആശുപത്രി-229166 (ഒപി), 41250 (ഐപി), ആകെ രോഗികൾ-270416

2021-മെഡിക്കൽ കോളജ് ആശുപത്രി-350069, 54200, ആകെ-404269

2022-മെഡിക്കൽ കോളജ് ആശുപത്രി-611537, 62200, ആകെ-673737

2023-മെഡിക്കൽ കോളജ് ആശുപത്രി-640567, 73373, ആകെ-713940

2024-മെഡിക്കൽ കോളജ് ആശുപത്രി-610178, 73736, ആകെ-683914.

 

--

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 

സിവില്‍ സ്റ്റേഷന്‍, വയനാട്

 

date