*ഗോത്രകലാരൂപങ്ങള്‍ സംരംഭ മാതൃകയിലേക്ക്:* *'ജന ഗല്‍സ' പദ്ധതിയുമായി കുടുംബശ്രീ*
*
അന്യമാവുന്ന തദ്ദേശീയ ഗോത്രകലാരൂപങ്ങള്‍ സംരംഭ മാതൃകയാക്കാന്‍ 'ജന ഗല്‍സ' പദ്ധതിയുമായി കുടുംബശ്രീ. ഗോത്രകലാരൂപങ്ങള്‍ സംരംഭ മാതൃകയാക്കി തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. ജനങ്ങളുടെ ആഘോഷം എന്നാണ് ജന ഗല്‍സയിലൂടെ അര്‍ത്ഥമാക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവന്‍ ഗോത്രകലാരൂപങ്ങളും കലാകാരന്‍മാരുടെയും സമഗ്രമായ വിവരശേഖരണം നടത്തും. കുടുംബശ്രീ ആനിമേറ്റര്‍മാരെ ഉപയോഗപ്പെടുത്തി സര്‍വ്വെ നടത്തും. ഓഗസ്റ്റ് ആദ്യവാരം സര്‍വ്വെ ആരംഭിച്ച് 20 നകം സർവ്വെ പൂര്‍ത്തിയാക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജന ഗല്‍സയുമായി ബന്ധപ്പെട്ട് കര്‍മപദ്ധതി ആവിഷ്‌ക്കരിക്കാന്‍ തിരുവനന്തപുരത്ത് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. നിലവില്‍ കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബല്‍ പദ്ധതിക്ക് കീഴിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളെയും കണ്ടെത്തി സംരംഭ മാതൃക രൂപീകരിച്ച് സംസ്ഥാനതലത്തിൽ കലാരൂപങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. സംരംഭകർക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗം ഉറപ്പാക്കുകയാണ് കുടുംബശ്രീ. ഗോത്രകലാരൂപങ്ങള്‍ ഉപയോഗിച്ച് പാഠ്യപദ്ധതി നവീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ലഹരിയെന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ സര്‍ക്കാര്‍ നടരപ്പാക്കുന്ന വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭ മാതൃകയില്‍ രൂപീകരിച്ച തദ്ദേശീയ കലാരൂപങ്ങള്‍ പ്രയോജനപ്പെടുത്തും. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ സാംസ്‌കാരിക ടൂറിസം കേന്ദ്രങ്ങളുമായി് ചേര്‍ന്നു പ്രവര്‍ത്തിക്കും. ഫോക്ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കിര്‍ത്താഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും. ജന ഗല്‍സയുടെ ഭാഗമായി കല ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗോത്രകലകള്‍, സംസ്‌ക്കാരം, ആചാരനുഷ്ഠാനങ്ങള്‍, തനത് ഭക്ഷണം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിലൂടെ പുതുതലമുറയിലെ കുട്ടികള്‍ക്കിടയില്‍ ഗോത്ര ജനതയുമായി ബന്ധപ്പെട്ട അറിവുകള്‍ ലഭ്യമാക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗോത്രകലാരൂപങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പാഠ്യേതര വിഷയങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും.
രണ്ടുദിവസങ്ങളിലായി നടന്ന ശില്‍പശാലയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, ഭാരത് ഭവന്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍, കേരള ഫോക്ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.വി ലാവ്‌ലിന്‍, മലയാളം സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കെ.എം ഭരതന്‍, എസ്,സി.ഇ.ആര്‍.ടി റിസര്‍ച്ച് അസോസിയേറ്റ് കെ. സതീഷ് കുമാര്‍, കിര്‍ത്താട്‌സ് പ്രതിനിധി വി.നീന, ഭാരത് ഭവന്‍ സോഷ്യല്‍ മീഡിയ എക്‌സ്‌പേര്‍ട്ട് ചന്ദ്രജിത്ത്, പാലക്കാട് ഡയറ്റ് സീനിയര്‍ ലക്ചര്‍ ഡോ.എം ഷഹീദ് അലി, ഡോ.എ മുഹമ്മദ് കബീര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേര്‍മാരായ എസ്. ശാരിക്, പ്രീത ജി നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, തദ്ദേശീയ മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത കലാകാരന്‍മാര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
- Log in to post comments