ആശങ്ക ഒഴിഞ്ഞു; കലേശന് ഭൂമി സ്വന്തം
ആശങ്കയ്ക്കൊടുവില്‍ തല ചായ്ച്ചുറങ്ങുന്ന ഭൂമി സ്വന്തമായ സന്തോഷത്തിലാണ് കുളനട മാന്തുക സ്വദേശി കലേശന്‍. 30 വര്‍ഷത്തെ കലേശന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേള സാക്ഷ്യം വഹിച്ചു. ജില്ലാതല പട്ടയമേളയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കലേശന് പട്ടയം കൈമാറി.
വസ്തുവിന്റെ രേഖ സംബന്ധിച്ച് വിഷയം റാന്നി പട്ടയമേളയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ ആര്‍ രാജനോട് നേരിട്ട് ബോധ്യപ്പെടുത്തി. സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് വേഗത്തില്‍ പട്ടയം നേടാനായതെന്ന് കലേശന്‍ പറഞ്ഞു.
നാലു സെന്റ് വസ്തുവിന്റെ അവകാശരേഖയാണ് കലേശന് ലഭിച്ചത്. രണ്ടര വയസില്‍ പോളിയോ ബാധിച്ച കലേശന്റെ ഉപജീവനമാര്‍ഗം ഭാഗവത പാരായണമാണ്. ഭാര്യ മിനി തൊഴിലുറപ്പ് തൊഴിലാളിയാണ്. കെട്ടുറപ്പുള്ള വീടെന്ന സ്വപ്നമാണ് ഇനി ബാക്കിയുള്ളത്. കെ വിഷ്ണു, കെ വിനീത് എന്നിവര്‍ മക്കള്‍.
- Log in to post comments