കോന്നി മെഡിക്കല്‍ കോളജ് ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന് തിയേറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി ഉദ്ഘാടനം ജൂലൈ 26 (ശനി) മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചിലവില്‍ നിര്‍മിച്ച ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റും, ഓപ്പറേഷന് തിയേറ്റര്‍, 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ജൂലൈ 26 (ശനി) രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന് തീയറ്ററും സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. പുതിയ ഒപി വിഭാഗം, അള്‍ട്രാ സൗണ്ട് സ്കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന് തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന് തിയേറ്റര്‍, 2 എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയുണ്ട്.
ജില്ലയില്‍ അഞ്ച് ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമാകുന്നു. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് അടുത്തിടെ ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂമുണ്ട്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചു. കൂടുതല്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഫാര്‍മസിയില്‍ 24 മണിക്കൂറും സേവനം ലഭിക്കും. മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ഇമ്പ്ലാന്റ്റുകള്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ കിട്ടും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് (കെഎഎസ്പി) ഉള്ള രോഗികള്‍ക്കും, മെഡിസെപ്പ്, ജെഎസ്എസ്കെ, ആരോഗ്യ കിരണം സര്‍ക്കാര്‍ സ്കീമുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും മരുന്ന് സൗജന്യമാണ്.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്, അരുവാപുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments