Skip to main content

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ കുട്ടികൾ ഉൾപ്പെടെ നടന്ന് പോകുന്ന വഴിയിൽ വലിച്ചെറിയുകയും സമീപമുള്ള നീർച്ചാൽ മലിനമാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറിൽ നിന്നും  10,000 രൂപ പിഴ ഈടാക്കാൻ ആലപ്പുഴ നഗരസഭയുടെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു.

 

നഗരസഭയുടെ ബീച്ച് വാർഡിൽ ഇ എസ് ഐ വാടയ്ക്കൽ റോഡിന് കിഴക്ക് റെയിൽവേ ക്ലീനിങ് സ്റ്റേഷനു സമീപം ദിവസങ്ങൾ പഴകിയ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അനധികൃതമായി നിക്ഷേപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്  എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്. 

 

പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കാവുന്ന തരത്തിൽ നിയമലംഘനം നടന്നതായി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.  

 

ജോയിന്റ് ബി ഡി ഒ കെ ബി അജയകുമാർ,  മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ അഖിൽ, ശുചിത്വ മിഷൻ പ്രതിനിധി ഹരിത കമൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ എസ് ഐവി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

 

(പിആര്‍/എഎല്‍പി/2176 )

date