Skip to main content

അര്‍ത്തുങ്കല്‍ തുറമുഖ വികസനം യാഥാര്‍ഥ്യമാകുന്നു; ടെട്രാപോഡ് നിര്‍മ്മാണത്തിന് തുടക്കം

അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായ ടെട്രാപോഡ് നിര്‍മ്മാണത്തിന് തുടക്കമായി. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. തുറമുഖ നിര്‍മ്മാണം വേഗത്തില്‍, തടസ്സരഹിതമായി പൂര്‍ത്തിയാക്കുന്നതിന് നിരന്തര അവലോകനം ഉണ്ടാകുമെന്നും സെപ്റ്റംബര്‍ പകുതിയോടെ ബ്രേക്ക് വാട്ടര്‍ പുലിമുട്ടിന്റെ അവശേഷിക്കുന്ന നിര്‍മ്മാണം ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പുലിമുട്ടിന്റെ വശങ്ങളില്‍ സ്ഥാപിക്കുന്ന ടെട്രാപോഡുകളുടെ നിര്‍മ്മാണമാണ് നിലവില്‍ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി 8200 ടെട്രാപോഡുകളാണ് നിര്‍മ്മിക്കുന്നത്. 4,90,000 ടണ്ണോളം കരിങ്കല്ലാണ് തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക. കല്ലിന്റെ ഭാരം അളക്കുന്നതിനുള്ള വേയ് ബ്രിഡ്ജ് നിര്‍മ്മാണവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

അര്‍ത്തുങ്കലില്‍ നടന്ന പരിപാടിയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ് പത്മം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ആലപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം പി സുനില്‍കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി എസ് ശ്രീകൃഷ്ണ, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ബി ജി രാജേഷ്, ബിന്ദു ബാലകൃഷ്ണന്‍, പി ജെ മാത്യു, ടി എസ് രാജേഷ്, നെല്‍സണ്‍പീറ്റര്‍, കെ പി മോഹനന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/2182)

date