Skip to main content

*അതിജീവനത്തിന്റെ ഒരാണ്ട്; ദുരന്തം നാള്‍വഴികളിലൂടെ*

 

ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്.
ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച്  ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തുകയും തുടര്‍ന്ന്  ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.

അപകടമേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം ദുസ്സഹമായിരുന്നു സഞ്ചാരപാത. പ്രതിസന്ധികള്‍ തരണം ചെയ്ത് പുലര്‍ച്ചെ 3.10 ഓടെ സേനാ വിഭാഗം അപകട സ്ഥലതെത്തി. പുലര്‍ച്ചെ 4.55 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമത്താല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നു. നേരം പുലര്‍ന്നപ്പോള്‍ കൂറ്റന്‍ പാറകള്‍ നിറഞ്ഞ് ആര്‍ത്തലച്ച് ഗതിമാറി ഒഴുകുന്ന പുന്നപ്പുഴയും, ഒറ്റ മനസ്സോടെ ആളുകൾ കഴിഞ്ഞ ഒരു പ്രദേശം നാമാവശേഷമാക്കാന്‍ ഉള്‍ക്കാടുകളില്‍ നിന്നും ഒഴുകിയെത്തിയ വടവൃക്ഷങ്ങളും, കലങ്ങിയ ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഉരുളും ഇരുളും അതിജീവിച്ച് നിസഹായരായി പലയിടങ്ങളില്‍ വിറങ്ങലിച്ച് നിന്നവരുടെ രക്ഷക്കായി പ്രകൃതിയോട് പടവെട്ടാനുറച്ച് നിമിഷങ്ങളാണ് പിന്നീട് ദുരന്തമുഖത്ത് നടന്നത്.

ലഭ്യമാവുന്ന മുഴുവന്‍ സംവിധാനങ്ങളും രക്ഷാദൗത്യത്തിനായി ദുരന്ത മേഖലയിലേക്ക് എത്തിക്കുകയായിരുന്നു സര്‍ക്കാര്‍. വിവിധ മേഖലകളില്‍ നിന്നുള്ള  സേനാ വിഭാഗങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വിവിധ ജില്ലകളില്‍ നിന്നും എത്തിയവർ എന്നിവരുടെ കൂട്ടായുള്ള രക്ഷാപ്രവര്‍ത്തനമാണ് മേഖലയില്‍ നടന്നത്. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ 8 കിലോ മീറ്ററില്‍ 8600 സ്വ. മീറ്റര്‍ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. അപകടത്തില്‍ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.  മരണപ്പെട്ടവരില്‍ 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.  32 പേരെ കാണാതായി. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ പരിക്കേറ്റവര്‍ 35 പേരാണ്.

date