Skip to main content

*രാജ്യം കണ്ട മാതൃകാ രക്ഷാദൗത്യം*

 

കൂരിരുട്ടില്‍ ഒഴുകിയെത്തിയ ദുരന്താവശിഷ്ടങ്ങളില്‍ നിന്നും പാതിജീവനുമായി ഓടി രക്ഷപ്പെട്ടവരെ സുരക്ഷിതമാക്കാന്‍ ദുരന്ത ഭൂമിയില്‍ നടത്തിയ രക്ഷാദൗത്യം രാജ്യത്തിന് മാതൃകയായി. കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തില്‍ നിന്നായി 1809 പേരാണ് ദുരന്തമുഖത്തെത്തിയത്. ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ രക്ഷാദൗത്യത്തിന് പ്രതിസന്ധി ഏറെയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറില്‍ ഫയര്‍ഫോഴ്‌സ്, പോലീസ്, എന്‍ഡിആര്‍എഫ് ടീമുകളും നാട്ടുകാരും സംയുക്തമായി താത്ക്കാലിക സംവിധാനമെന്ന നിലയില്‍ കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്‌ലൈന്‍ നിര്‍മ്മിച്ചത് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിൽ നിര്‍ണായകമായി.
സിപ്പ്‌ലൈന്‍ മുഖേനയാണ് ഗുരുതരമായി പരിക്കേറ്റവരെ മറുകരയിൽ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തി. ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടര്‍ച്ചയായുള്ള കനത്ത മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, ഇരുട്ട് എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചു.  

ഇതേ സിപ്പ്‌ലൈന്‍ മുഖേന മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണം, മരുന്ന്, ആരോഗ്യ സംഘത്തെയും എത്തിച്ചു. കൂടാതെ ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗവും ഉപയോഗപ്പെടുത്തി. മുണ്ടക്കൈ-അട്ടമല- പുഞ്ചിരിമട്ടം പ്രദേശത്തെ ആളുകളെ അതിവേഗം ചൂരല്‍മലയിലേക്ക് എത്തിക്കാന്‍ ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിച്ച ഉരുക്കുപാലം (ബെയ്ലി പാലം) രക്ഷാദൗത്യത്തിന്റെ നാഴിക കല്ലായി. ജൂലൈ 31 ന് നിര്‍മ്മാണം ആരംഭിച്ച പാലം ഓഗസ്റ്റ് ഒന്നിന് വൈകിട്ടോടെ 36 മണിക്കൂറിലെ കഠിന ശ്രമത്താലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്‌ലി പാലം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

ബെയ്‌ലി പൂര്‍ത്തിയായത്തോടെ വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ അതിവേഗം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്‍ഡിആര്‍എഫിന്റെ 126, മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ് (എംഇജി) 154, പ്രതിരോധ സുരക്ഷാ സേന (ഡിഎസ്സി) 187, നാവിക സേനയുടെ രണ്ടു ടീമുകളിലായി 137, ഫയര്‍ഫോഴ്‌സ് 360, കേരള പോലീസ് 1286, എംഎംഇ പാങ്ങോട് ബ്രിഗേഡ് 89, എസ്ഡിആര്‍എഫ് സേനകളില്‍ നിന്നും 60, ഹൈ ആള്‍ട്ടിട്ട്യൂഡ് ടീം 14, കോസ്റ്റ് ഗാര്‍ഡ് 26, ടെറിട്ടോറിയല്‍ ആര്‍മി 45, ടിഎന്‍ഡിആര്‍എഫ് 21, ഫോറസ്റ്റ്, തമിഴ്നാട് ഫയര്‍ഫോഴ്സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കഡാവര്‍ ഉള്‍പ്പെടെയുള്ള കെ - 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ -9 ഡോഗ് സ്‌ക്വാഡുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത മേഖലയിലെത്തി.

ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിലെ മായ, മര്‍ഫി എന്നീ നായകൾ,  ദുരന്താവശിഷ്ടങ്ങള്‍ എത്തിയ നിലമ്പൂരില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തി.  സെര്‍ച്ച് ആന്‍ഡ് റസ്‌ക്യു, എക്‌സ്‌പ്ലോഷര്‍, ട്രാക്കര്‍, നര്‍ക്കോട്ടിക്ക്, കടാവര്‍ തുടങ്ങിയ ട്രേഡുകളിലെ പോലീസ് നായകളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു.

ജെസിബി, ക്രെയിന്‍, ഹിറ്റാച്ചി, ഓഫ് റോഡ് വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജ്ജീവമായിരുന്നു.  ദുരന്ത പ്രദേശത്ത് ജനകീയ തിരച്ചിലിന് രണ്ടായിരത്തിലധികം ആളുകളാണ്  പങ്കെടുത്തത്.

date