അരൂർ, ചേർത്തല മണ്ഡലം പട്ടയമേള: ജമീലയ്ക്ക് ഇനി സ്വന്തം മണ്ണിന്റെ മേൽവിലാസം
"ഇത് സർക്കാരിന്റെ ഓണസമ്മാനമാണ്, ഇനി ലൈഫ് മിഷൻ പദ്ധതിയിൽ വീടും കിട്ടും കേട്ടോ..."
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന
അരൂർ, ചേർത്തല മണ്ഡലം പട്ടയമേളയിൽ വെച്ച്
പട്ടയം കൈമാറിക്കൊണ്ട് മന്ത്രി പ്രസാദ് ഈ വാക്കുകൾ പറഞ്ഞപ്പോൾ ഒരു ആയുസ്സിന്റെ കാത്തിരിപ്പ് യാഥാർത്ഥ്യമായതിന്റെ സന്തോഷവും ആശ്വാസവുമായിരുന്നു ജമീലയുടെ മുഖത്ത്..
അറുപത്തിയേഴാം വയസുവരെ സ്വന്തം പേരിൽ ഒരുപിടി മണ്ണ് എന്നത് വിദൂര സ്വപ്നം മാത്രമായി കണ്ടിരുന്ന ജമീല ഇനി മുതൽ നാല് സെന്റ് ഭൂമിയുടെ അവകാശിയാണ്.
സംസ്ഥാന സർക്കാരിന്റെ 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പദ്ധതിയാണ് ജമീലയുടെ ജീവിതത്തെ സ്വപ്ന സാഫല്യത്തിൽ എത്തിച്ചത്.
20 വർഷത്തിലധികമായി വാടക വീട്ടിൽ താമസിക്കുന്ന ജമീല മൂന്ന് വർഷം മുന്നേ ഭർത്താവ് മരിച്ചതോടെ വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും പകൽ ചെറിയ ജോലികൾ ചെയ്തായിരുന്നു നിത്യവൃത്തി കഴിച്ചിരുന്നത്. ജമീലയുടെ ബുദ്ധിമുട്ട് നേരിൽ മനസ്സിലാക്കിയ ജനപ്രതിനിധികളാണ് നിലവിൽ താമസിക്കുന്ന വാടക വീട് എടുത്തു നൽകിയതും പട്ടയ മേളയിൽ ഭൂമി ലഭിക്കാനുള്ള നടപടികൾ ചെയ്തു നൽകിയതും. ഇതോടൊപ്പം അതിദരിദ്രർക്കുള്ള റേഷൻ കാർഡും ജമീലയ്ക്ക് അനുവദിച്ചു നൽകി.
കടക്കരപ്പള്ളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ജമീലയ്ക്ക് ഇപ്പോൾ ഭൂമി ലഭിച്ചിരിക്കുന്നത്. "ഭൂമിക്ക് രേഖ ലഭിച്ചതോടെ സന്തോഷമായി. ഇനി അതിൽ ഒരു കൂരകെട്ടി താമസിക്കണം, ലൈഫ് മിഷനിൽ വീടിന് അപേക്ഷിക്കണം" പട്ടയം നെഞ്ചോട് ചേർത്ത് ജമീല പറഞ്ഞു.
- Log in to post comments