നവകേരള സദസ്സ് :ജില്ലയിൽ 63 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അന്തിമ അംഗീകാരം
നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 63 കോടി രൂപയുടെ വികസന പദ്ധതികളുടെ അന്തിമ പട്ടിക
ഭേദഗതി വരുത്തി അംഗീകരിച്ച് ഉത്തരവായി.
മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ഇതിൽ ജില്ലിയിൽ നിന്നും ഉയർന്നു വന്ന പദ്ധതികളുടെ അന്തിമ പട്ടികക്കാണ് ഭേദഗതി വരുത്തി ഉത്തരവായിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ അരൂർ നിയോജകമണ്ഡലത്തിലെ പട്ടണക്കാട് ബ്ലോക്ക് അതിർത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും തോടുകളുടെ സംരക്ഷണഭിത്തി നിർമ്മാണത്തിനും നാല് കോടി രൂപയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് അതിർത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും റോഡുകളുടെ സംരക്ഷണഭിത്തി നിർമ്മാണത്തിനും മൂന്നു കോടി രൂപയും അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് നിർവഹണ ചുമതല.
ചേർത്തല മണ്ഡലത്തിൽ പുതിയ മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിന് ഏഴു കോടി രൂപ അനുവദിച്ചു. നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
ആലപ്പുഴ മണ്ഡലത്തിൽ നെഹ്റു പവലിയനും അതിനോടനുബന്ധിച്ച് അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് ഏഴുകോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പിനാണ് ചുമതല.
അമ്പലപ്പുഴ മണ്ഡലത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതിയ ഐ പി ബ്ലോക്ക് നിർമ്മാണത്തിന് ഏഴ് കോടി രൂപ അനുവദിച്ചു. നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
കുട്ടനാട് മണ്ഡലത്തിൽ വെള്ളാമത്ര തേവർക്കാട് റോഡ് നിർമ്മാണത്തിന് 5.50 കോടി രൂപയും മുട്ടാർ റോഡ് ഉയർത്തലിന് 1.50 രൂപയും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന് ആണ് ചുമതല.
ഹരിപ്പാട് മണ്ഡലത്തിൽ ഹരിതം ഹരിപ്പാട് രണ്ടാംഘട്ടത്തിന് 5.50 കോടി രൂപ അനുവദിച്ചു. ചുമതല ജലവിഭവ വകുപ്പിനാണ്. ഹരിപ്പാട് നഗരസഭയിലെ പ്രതിമുഖം- ചൂരല്ലാക്കൽ റോഡ് നിർമ്മാണത്തിന് 1.50 കോടി രൂപയാണ് അനുവദിച്ചത്.
തദ്ദേശസ്വയംഭരണ വകുപ്പിനാണ് ചുമതല.
കായംകുളം മണ്ഡലത്തിൽ ജില്ലാ ഓട്ടിസം സെന്ററിന് പുതിയ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കുവാൻ മൂന്നു കോടി രൂപയും കായംകുളം കുന്നത്താലും കടവ് റോഡ് നിർമ്മാണത്തിന് നാലു കോടി രൂപയും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് ഇരു പ്രവൃത്തിയുടെയും ചുമതല.
മാവേലിക്കര മണ്ഡലത്തിൽ ചാരുംമൂട്-ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം കോട്ടമുക്ക് റോഡ് (ബി എം ബി സി ) നിർമ്മാണത്തിന് 4.75 കോടി രൂപയും ഗുരുനാഥൻകുളങ്ങര- കണ്ണനാംകുഴി പാലക്കൽ റോഡിന് (ബി എം ബി സി ) 2.25 കോടി രൂപയും അനുവദിച്ചു. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
ചെങ്ങന്നൂർ മണ്ഡലത്തിൽ മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നിർമ്മാണത്തിന് 5.30 കോടി രൂപയാണ് അനുവദിച്ചത്. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
ഗുരു ചെങ്ങന്നൂർ സാംസ്കാരിക സമുച്ചയ നിർമ്മാണത്തിന് 1.70 കോടി രൂപ അനുവദിച്ചു. സാംസ്കാരിക വകുപ്പിനാണ് ചുമതല.
- Log in to post comments