ഓണക്കാല വില നിയന്ത്രണം; സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിക്കുന്നു
ഓണക്കാലത്ത് വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത ഒഴിവാക്കുന്നതിനും സംയുക്ത പരിശോധന സ്ക്വാഡ് ഊർജ്ജിതമാക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉപഭോക്ത സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
സിവിൽ സപ്ലൈസ് വകുപ്പ് ലീഗൽ മെട്രോളജി ,ഫുഡ് സേഫ്റ്റി, റവന്യൂ , പോലീസ് ,ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. എല്ലാ കടകളിലും നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിരിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ,അമിത വില ഈടാക്കൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി എടുക്കും.
വെളിച്ചെണ്ണയിലെ മായം ചേർക്കലുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ജില്ലയിലെ ഗ്യാസ് ഏജൻസികളുടെ ഗ്യാസ് സിലിണ്ടർ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും തീരുമാനിച്ചു. ഗ്യാസ് ഗുണഭോക്താക്കൾക്ക് സിലിണ്ടറിന്റെ തൂക്കം അറിയുന്നതിന് ത്രാസ് ഗ്യാസ് വിതരണം ചെയ്യുന്ന വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പാക്കും. ഓണക്കാലത്ത് പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോ വഴി സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.അവശ്യസാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യും.
ഡെപ്യൂട്ടി കളക്ടർ ഡി.സി. ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി, സി ഡി ആർ സി അസിസ്റ്റൻറ് രജിസ്ട്രാർ റസിയ ബീഗം,ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ വിനോദ് കുമാർ, ജനപ്രതിനിധികൾ,
വിവിധ ഉപഭോക്തൃ സംഘടന പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments